റഫാല്‍ സുപ്രീംകോടതി വിധി തിരിച്ചടിയല്ല; രാഹുലിന്റെ പ്രസ്താവന കോടതിയലക്ഷ്യമെന്ന് നിര്‍മ്മല സീതാരാമന്‍

റഫാല്‍ കേസില്‍ സുപ്രീംകോടതി വിധി തിരിച്ചടിയല്ലെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. പുനഃപരിശോധന ഹര്‍ജിയില്‍ ഇനിയും തീരുമാനമായിട്ടില്ല. രാഹുല്‍ഗാന്ധി വിധി വായിക്കാതെയാണ് പ്രസ്താവന നടത്തുന്നത്. സുപ്രീംകോടതി പറയാത്തതാണ് രാഹുല്‍ പ്രചരിപ്പിക്കുന്നത്. കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി കണ്ടെത്തിയെന്ന രാഹുലിന്റെ പ്രസ്താവന കോടതി അലക്ഷ്യമാണ്. കോടതി ഉത്തരവില്‍ ഇല്ലാത്ത കാര്യങ്ങളാണ് രാഹുല്‍ പറയുന്നതെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
കരാറിനെക്കുറിച്ച് അന്വേഷണം വേണ്ടെന്ന് ഡിസംബറിലെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിന്റെ നിരാശയാണ് പ്രതികരണം വ്യക്തമാക്കുന്നത്. മോഷ്ടിക്കപ്പെട്ട ചില രേഖകള്‍ റിവ്യൂ ഹര്‍ജിക്കൊപ്പം പരിഗണിക്കും എന്നുമാത്രമാണ് കോടതി അറിയിച്ചത്. ഈ രേഖകള്‍ ഭാഗികമായാണ് ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആവശ്യപ്പെട്ട എല്ലാ രേഖകളും കോടതിക്ക് നല്‍കിയിട്ടുണ്ടെന്നും മറിച്ചുള്ള ആരോപണം പച്ചക്കള്ളമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
ഹര്‍ജിക്കാര്‍ക്കെതിരെയും പ്രതിരോധമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ആഭ്യന്തര സുരക്ഷയെപ്പറ്റി അപൂര്‍ണ വിവരം പുറത്തുവരാന്‍ ഹര്‍ജിക്കാരുടെ ഇടപെടല്‍ കാരണമായി. രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്ക് വെക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാകുന്നതായിരുന്നു ഇന്നത്തെ സുപ്രീംകോടതി വിധി. പ്രതിരോധ വകുപ്പിന്റെ രഹസ്യരേഖകളെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം സുപ്രീംകോടതി തള്ളുകയായിരുന്നു. പുതിയ രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെങ്കിലും പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിശോധിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. മൂന്നംഗബെഞ്ച് ഐകകണ്ഠനയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ വിശദമായ വാദം പീന്നീട് കേള്‍ക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here