Advertisement

തെരഞ്ഞെടുപ്പ് ചൂടില്‍ പാലക്കാടും

April 10, 2019
1 minute Read

അറിഞ്ഞുചെയ്യാം വോട്ട് -8
നിങ്ങളുടെ ലേക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി

വരങ്ങളായ മരങ്ങളാലും നദികളാലുമെല്ലാം അനുഗ്രഹീതമായ നാട്. പ്രകൃതിയുമായി ഇണങ്ങിനില്‍ക്കുന്ന ദേശം ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം പാലക്കാടിനെ. ഇടതൂര്‍ന്ന കരിമ്പനകള്‍ തിങ്ങി നില്‍ക്കുമ്പോഴും വേനല്‍ച്ചൂടിന്റെ കാര്യത്തില്‍ കേരളത്തിലെ മറ്റ് ജില്ലകളെക്കാള്‍ ഏറെ മുന്നിലാണ് പാലക്കാട്. എന്നാല്‍ ഇലക്ഷന്‍ ചൂടിലാണ് പാലക്കാട് ഇപ്പോള്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ പാലക്കാട് മണ്ഡലം ആവേശത്തോടെ തന്നെയാണ് വരവേറ്റിരിക്കുന്നതും.

1957 മുതല്‍ തുടങ്ങുന്നു പാലക്കാടിന്റെ ലോക്‌സഭാ ചരിത്രം. അന്നുതൊട്ടിന്നോളമുള്ള ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തം. കൂടുതല്‍ തവണയും ഇടത്തു പക്ഷത്തിന് അനുകൂലമായിട്ടാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം വിധി എഴുതിയിട്ടുള്ളത്. ഇടത്തു പക്ഷത്തിന് മുന്‍തൂക്കമുള്ള മണ്ഡലമാണ് പാലക്കാട് എന്നാണ് ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രം വ്യക്തമാക്കുന്നതും. 1957 ല്‍ സിപിഐയുടെ പി കെ കുഞ്ഞനിലൂടെയായിരുന്നു ഇടത്തുപക്ഷത്തിന് ആദ്യ വിജയം. 62 ലും പി കെ കുഞ്ഞനിലൂടെ ഇതേ വിജയം ഇടത്തുപക്ഷം ആവര്‍ത്തിച്ചു. 1967 ല്‍ ഇ കെ നായനാര്‍ ആയിരുന്നു ഇടത്തുപക്ഷത്തിന്റെ സാരഥിയും തെരഞ്ഞെടുപ്പിലെ വിജയിയും.

1971 ല്‍ നടന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ എ കെ ഗോപാലനിലൂടെയും എല്‍ഡിഎഫ് വിജയം നേടി. എന്നാല്‍ 77ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടത്തുപക്ഷത്തിന് വിജയിക്കാനായില്ല. തുടര്‍ന്ന് 1980 ലും 84 ലും നടന്ന തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിന് എതിരെ പാലക്കാട് ലോക്‌സഭാ മണ്ഡലം വിധി എഴുതി. എന്നാല്‍ 1989 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ വിജയരാഘവനിലൂടെ വീണ്ടും ശക്തമായി തിരിച്ചുവന്ന് പാലക്കാട് എല്‍ഡിഎഫ് നിലയുറപ്പിച്ചു. 96 മുതല്‍ 2004 വരെ നടന്ന മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന്റെ എന്‍എന്‍ കൃഷ്ണദാസിലൂടെ ഇടത്തുപക്ഷം വിജയം നേടി. 2009 ലും 2014 ലും നടന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ എംബി രാജേഷിലൂടെ ഇടത്തു പക്ഷം തന്നെ പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലും അധികാരത്തിലെത്തി. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും എംബി രാജേഷിനെ തന്നെയാണ് എല്‍ഡിഎഫ് രംഗത്തിറക്കുന്നത്.

അതേസമയം വിജയ വര്‍ഷങ്ങളുടെ എണ്ണം കുറവാണെങ്കിലും യുഡിഎഫിന് വ്യക്തമായ തെരഞ്ഞെടുപ്പ് ചരിത്രമുണ്ട് പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍. 1977- ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ സുന്നസാഹിബിലൂടെ വലത്തുപക്ഷം പാലക്കാട് ആദ്യ ജയം നേടി. തുടര്‍ന്ന് 1980 ലും 84 ലും നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ വി എസ് വിജയരാഘവനിലൂടെയും യുഡിഎഫ് ഈ ലോക്‌സഭാ മണ്ഡലത്തില്‍ അധികാരത്തിലെത്തി. ഏറെ പ്രതീക്ഷയോടെ തന്നെയാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വി കെ ശ്രീകണ്ഠനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നതും.ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കേരളത്തില്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നുകൂടിയാണ് പാലക്കാട്. സി കൃഷ്ണകുമാറാണ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ ഇത്തവണത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. അട്ടപ്പാടി ആദിവാസി മേഖല ഉള്‍പ്പെടുന്നതിനാല്‍ ന്യൂനപക്ഷ വോട്ടുകള്‍ക്കും നിര്‍ണ്ണായക പങ്കുണ്ട് പാലക്കാട് മണ്ഡലത്തില്‍. ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ശബരിമല വിഷയം തന്നെയാണ് ബിജെപി പ്രധാന പ്രചരണായുധമായി ഉപയോഗിക്കുന്നതും. അതേസമയം വികസനമാണ് എല്‍ഡിഎഫും യുഡിഎഫും മുന്നോട്ടു വെയ്ക്കുന്ന പ്രധാന പ്രചരണായുധം.

കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുകയാണെങ്കില്‍ കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളും ഇടത്തുപക്ഷത്തിന് അനുകൂലമായി വിധി എഴുതിയ ചരിത്രമാണുള്ളത്. പട്ടാമ്പി, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ എന്നീ മണ്ഡലങ്ങളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ വിജയിച്ചത് എല്‍ഡിഎഫ് ആണ്. മണ്ണാര്‍ക്കാടും പാലക്കാടും മാത്രമാണ് വലത്തു പക്ഷത്തോട് കൂറ് പുലര്‍ത്തിയത്.

Read more:ഹല്‍വ പോല്‍ മധുരിതം അല്ല ഇത്തവണ കോഴിക്കോടന്‍ തെരഞ്ഞെടുപ്പ്

2014 ല്‍ പാലക്കാട് മണ്ഡലത്തില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തുമ്പോള്‍ ആകെ വോട്ടിന്റെ 45.36 ശതമാനാമാണ് എം ബി രാജേഷിലൂടെ ഇടത്തുപക്ഷം നേടിയത്. അതായത് 4,12,897 വോട്ട്. സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്ക്) പാര്‍ട്ടിയുടെ എം പി വീരേന്ദ്ര കുമാറിനെയാണ് യുഡിഎഫ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയത്. 307,597 വോട്ട് എം പി വീരേന്ദ്രകുമാര്‍ നേടി. ശതമാനമനുസരിച്ച് നോക്കുകയാണെങ്കില്‍ 33.79 ശതമാനം. അതേസമയം ശോഭാ സുരേന്ദ്രനാണ് കഴിഞ്ഞ തവണ പാര്‍ലമെന്റ് ഇലക്ഷനില്‍ പാലക്കാടു നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. 1,36,541 വോട്ട് ശോഭാ സുരേന്ദ്രനിലൂടെ എന്‍ഡിഎയും നേടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലവും എല്‍ഡിഎഫിന് അനുകൂലമാണ്. എങ്കിലും മൂന്ന് മുന്നണികളും ഏറെ പ്രതീക്ഷയോടെ തന്നെയാണ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ പോരാട്ടത്തിനിറങ്ങുന്നത്. വേനാല്‍ ചൂടിനേക്കാള്‍ കനത്തതാണ് പാലക്കാട് തെരഞ്ഞെടുപ്പ് ചൂട് എന്നു വ്യക്തം.

6,27,854 പുരുഷ വോട്ടര്‍മാരും 6,60,047 വനിതാ വോട്ടര്‍മാരും ഒരു തേര്‍ഡ് ജെന്‍ഡര്‍ വോട്ടറും അടക്കം 12,87,902 വോട്ടര്‍മാരാണ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലുള്ളത്.

നിങ്ങളുടെ ലേക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി; ‘അറിഞ്ഞുചെയ്യാം വോട്ട് ‘

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top