ക്യാപ്റ്റൻ കൂളല്ല: നോബോൾ റദ്ദാക്കിയ അമ്പയർമാർക്കെതിരെ കയർത്ത് ധോണി; പിഴ വിധിച്ച് മാച്ച് റഫറി

ക്യാപ്റ്റൻ കൂൾ എന്ന അപരനാമം ധോണിക്ക് ഒരു സുപ്രഭാതത്തിൽ കിട്ടിയതല്ല. കളിക്കളത്തിൽ എംഎസ് ധോണി ക്ഷുഭിതനാവുകയെന്നത് അപൂർവങ്ങളിൽ അപൂർവമാണ്. ഏത് ഘട്ടത്തിലും സമ്മർദ്ദത്തെ അതിജീവിച്ച് കൂളായി നിൽക്കുന്ന അദ്ദേഹത്തിന് ഇന്നലെ പക്ഷേ ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ടു.
ഇന്നലെ രാജസ്ഥാൻ റോയൽസുമായി നടന്ന മത്സരത്തിൻ്റെ അവസാന ഓവറിലായിരുന്നു സംഭവം. അവസാന ഓവറിൽ 18 റൺസായിരുന്നു ചെന്നൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ സിക്സറടിച്ച രവീന്ദ്ര ജഡേജ രണ്ടാം പന്തിൽ സിംഗിളെടുത്തു. ആ പന്ത് നോബോളായതോടെ അടുത്ത ബോൾ ഫ്രീ ഹിറ്റ് ലഭിച്ചുവെങ്കിലും ധോണിക്ക് ഒരു ഡബിൾ എടുക്കാനേ സാധിച്ചുള്ളൂ. തൊട്ടടുത്ത പന്തിൽ ധോണിയുടെ കുറ്റി പിഴുത സ്റ്റോക്സ് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. തൊട്ടടുത്ത പന്തിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ധോണിയ്ക്ക് പകരം ക്രീസിലെത്തിയ മിച്ചൽ സാൻ്റ്നർക്കെതിരെ സ്റ്റോക്സ് എറിഞ്ഞ ഓവറിലെ നാലാം ബോൾ അമ്പയർ നോ ബോൾ വിളിച്ചു. എന്നാൽ പിന്നീട് ഇത് അനുവദിച്ചില്ല. ലെഗ് അമ്പയറുടെ നിർദ്ദേശ പ്രകാരമാണ് നോ ബോൾ അനുവദിക്കാതിരുന്നത്. ഇതോടെ ഡഗ് ഔട്ടിലിരുന്ന ധോണി കുപിതനായി അമ്പയർമാർക്കരികിലേക്ക് വന്ന് നോ ബോളിനായി വാദിച്ചു. എന്നാൽ അമ്പയർമാർ നോ ബോൾ അനുവദിച്ചില്ല. അവസാന പന്തിൽ സിക്സറടിച്ച സാൻ്റ്നർ ചെന്നൈയെ ജയിപ്പിച്ചുവെങ്കിലും മാച്ച് റഫറി ധോണിക്ക് പിഴ വിധിച്ചു. മത്സര ഫീയുടെ 50 ശതമാനമാണ് പിഴ.
When MS Dhoni lost his cool https://t.co/9GjQ7hJWtt via @ipl
— Naresh kumar Pradhan (@Naresh41460707) April 11, 2019
ഐപിഎല്ലിലെ മോശം അമ്പയറിംഗ് തുടരുകയാണ്. ഒട്ടേറെ അമ്പയറിംഗ് അബദ്ധങ്ങളാണ് ഇക്കൊല്ലത്തെ ഐപിഎൽ മത്സരങ്ങളിൽ ഉണ്ടായത്. ടൂർണമെൻ്റിലെ അമ്പയറിംഗ് നിലവാരം മെച്ചപ്പെടുത്തണമെന്ന് ആരാധകരും കളിക്കാരുമുൾപ്പെടെ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ കേട്ട മട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here