Advertisement

ജാലിയന്‍വാല ബാഗ് കൂട്ടക്കുരുതിയുടെ നൂറു വര്‍ഷങ്ങള്‍

April 13, 2019
3 minutes Read

ജാലിയന്‍വാല ബാഗ് കൂട്ടക്കുരുതി നടന്നിട്ട് ഇന്ന് ഒരു നൂറ്റാണ്ട് തികഞ്ഞു. 1919 ഏപ്രില്‍ 13 സന്ധ്യക്ക് നിരായുധരായ ജനങ്ങളുടെ ഇടയിലേക്ക് ബ്രിട്ടീഷ് പട്ടാളം വെടിയുതിര്‍ത്തപ്പോള്‍ എത്ര ജീവനുകള്‍ പൊലിഞ്ഞുവെന്ന് കണക്കാക്കന്‍ ഇത് വരെയും കഴിഞ്ഞിട്ടില്ല. രാജ്യം ആ ധീര രക്തസാക്ഷികള്‍ക്ക് മുന്നില്‍ ഇന്ന് കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിക്കുകയാണ്.

പഞ്ചാബിലെ അമൃത്സറിനടുത്തുള്ള ജാലിയന്‍വാല ബാഗ് മൈതാനത്ത് തടിച്ച് കൂടിയിരുന്ന ആയിരങ്ങള്‍ക്ക് നേരെ ജനറല്‍ ഡയറിന്റെ പട്ടാളക്കാര്‍ നിര്‍ത്താതെ വെടിയുതിര്‍ക്കുകയായിരുന്നു. നിരായുധരായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആ ജനക്കൂട്ടം രക്ഷപ്പെടാനാകാതെ ചിതറിയോടി. പത്ത് അടിയോളം ഉയരമുള്ള കൂറ്റന്‍ മതിലിന് ചുറ്റുമുള്ള അഞ്ച് വാതിലുകളും പൂട്ടിയ ശേഷമായിരുന്നു മൈതാനത്തെ നരനായാട്ട്. അന്‍പത് പട്ടാളക്കാര്‍ ചേര്‍ന്ന് ആയിരത്തി അറൂനൂറ് റൗണ്ട് വെടിയുതിര്‍ത്തു. മൈതാനത്ത് ചോര ചാലുകള്‍ ഒഴുകി. രക്ഷിക്കാന്‍ പിഞ്ചു കുഞ്ഞുങ്ങളടക്കം അലമുറയിട്ട് കരഞ്ഞു. വെടിയേറ്റ പലരും മണ്ണില്‍ കിടന്ന് പിടഞ്ഞു.

പ്രാണഭയത്താല്‍ ഓടിയവര്‍ മൈതാനത്തിന് നടുവിലെ കിണറില്‍ വീണു. ഒടുവില്‍ പട്ടാളം വെടിവെപ്പ് നിര്‍ത്തി. വെടിയേറ്റവന്റെ അലറിക്കരച്ചിലോ പിടച്ചിലോ കണ്ടിട്ടല്ലായിരുന്നു അത്. പട്ടാളക്കാരുടെ കൈയിലെ വെടിയുണ്ടകള്‍ തീര്‍ന്നത് കൊണ്ടായിരുന്നു അവര്‍ കുരുതിക്കളം വിട്ടത്. ബ്രിട്ടീഷ് സൈന്യത്തിന്റെ കണക്ക് പ്രകാരം 379 പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ആ കൂട്ടക്കൊലയില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ചരിത്രകാരന്‍ന്മാര്‍ പറയുന്നത്. പക്ഷെ കൊല്ലപ്പെട്ട മുഴുവന്‍ ആളുകളെയും കണ്ടെത്താനോ അവരുടെ പേരുകള്‍ ജാലിയന്‍വാല ബാഗിലെ വെടിയുണ്ടകളുടെ പാടുകളുള്ള ആ മതിലില്‍ ആലേഖനം ചെയ്യാനോ കഴിഞ്ഞില്ലെന്നതും ദുഖകരമാണ്.

നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രീട്ടീഷ് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചത് സ്വാതന്ത്ര്യ സമര കാലത്ത് കുരുതി ചെയ്യപ്പെട്ട ആ രക്തസാക്ഷികള്‍ക്ക് ലഭിച്ച ചെറിയ നീതി. തല കുനിക്കാം ഏപ്രില്‍ പതിമൂന്ന് സന്ധ്യയിലെ കുരുതിയില്‍ ജീവനോടൊപ്പം ഊരും പേരും നഷ്ടപ്പെട്ട ആ നക്ഷത്രങ്ങളെയോര്‍ത്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top