രാഹുൽ ഗാന്ധിക്ക് എംഫിൽ കിട്ടിയത് മാസ്റ്റർ ഡിഗ്രിയില്ലാതെ; ആരോപണവുമായി അരുൺ ജെയ്റ്റ്ലി

രാഹുൽ ഗാന്ധിക്ക് എംഫിൽ കിട്ടിയത് മാസ്റ്റർ ഡിഗ്രിയില്ലാതെയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യതകളിൽ പലതും മറച്ചുവച്ചിരിക്കുകയാണെന്നും ഇത് പരിശോധിച്ചാൽ കോൺഗ്രസ് പ്രതിരോധത്തിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപി നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് രാഹുലിന്റെ എംഫിലിന്റെ കാര്യത്തിൽ വ്യക്തത വരുത്താൻ കോൺഗ്രസ് തയ്യാറാകണമെന്നും ജെയ്റ്റ്ലി ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
അരുൺ ജെയ്റ്റ്ലി ഫെയ്സ്ബുക്കിൽ കുറിച്ചത്; ‘ഇന്ന് ബിജെപി സ്ഥാനാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത ചർച്ചയായിരിക്കുകയാണ്. അതും രാഹുൽ ഗാന്ധിയുടെ അക്കാദമിക് യോഗ്യതയുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടാതെ കിടക്കുമ്പോൾ. എല്ലാറ്റിനുമുപരി അദ്ദേഹത്തിന് മാസ്റ്റേഴ്സ് ഡിഗ്രിയില്ലാതെയാണ് എംഫിൽ ലഭിച്ചത്.’
കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ നൽകിയെന്ന പ്രതിപക്ഷ ആരോപണത്തിനു പിന്നാലെയാണ് ജെയ്റ്റ്ലി രാഹുൽ ഗാന്ധിക്കെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ബിരുദധാരിയല്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നേരത്തെ തള്ളിയ സ്മൃതി ഇറാനി കഴിഞ്ഞദിവസം തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ താൻ ബിരുദധാരിയല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിഷയം വീണ്ടും ചർച്ചയായത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദ കോഴ്സിന് എൻട്രോൾ ചെയ്തെങ്കിലും പൂർത്തിയാക്കിയില്ലെന്നാണ് സ്മൃതി ഇറാനി അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here