മുസ്ലിം വിരുദ്ധ പരാമർശം; ശ്രീധരൻ പിള്ളയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ശ്രീധരൻപിള്ളയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ സിപിഎം നേതാവ് വി. ശിവൻകുട്ടിയാണ് പരാതി നൽകിയത്. ജില്ലാ വരണാധികാരിക്കും പോലീസിനുമാണ് പരാതി നൽകിയത്.
ശ്രീധരൻപിള്ളയുടേത് ബോധപൂർവമുള്ള പരാമർശമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. പ്രസംഗത്തിൽ ജാതി, മത അധിക്ഷേപം നടത്തുന്നത് വർഗീയത വളർത്തി വോട്ട് പിടിക്കാനുള്ള നിയമ വിരുദ്ധ പ്രവർത്തനമാണ്. ശ്രീധരൻപിള്ളയുടേത് അത്യന്തം ഇസ്ലാം വിരുദ്ധ പരാമർശമാണെന്നും ശിവൻകുട്ടി പറഞ്ഞു.
ആറ്റിങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ശ്രീധരൻപിള്ളയുടെ വിവാദ പ്രസംഗം. ഇസ്ലാമാണെങ്കിൽ വസ്ത്രം മാറ്റി നോക്കിയാലല്ലേ തിരിച്ചറിയാൻ പറ്റുകയുള്ളു എന്നായിരുന്നു ശ്രീധരൻപിള്ളയുടെ പരാമർശം.
ജീവൻ പണയപ്പെടുത്തി വിജയം നേടുമ്പോൾ, രാഹുൽ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവർ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവർ ഏത് ജാതിക്കാരാ, ഏതു മതക്കാരാ എന്ന് അറിയണമെന്നാണ്. ഇസ്ലാമാണെങ്കിൽ ചില അടയാളമൊക്കെയുണ്ടല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കിയാലല്ലേ അറിയാൻ പറ്റുകയുള്ളുവെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പരാമർശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here