അയ്യപ്പന്റെ പേരു പറഞ്ഞാൽ അറസ്റ്റെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളം; ശബരിമലയിൽ മോദിയുടെ ഉപദേശം സംസ്ഥാനത്തിന് വേണ്ടെന്ന് മുഖ്യമന്ത്രി

അയ്യപ്പന്റെ പേരു പറഞ്ഞാൽ കേരളത്തിൽ അറസ്റ്റെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പന്റെ പേരിൽ മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ശബരിമലയിൽ മോദിയുടെ ഉപദേശം സംസ്ഥാനത്തിന് വേണ്ട. അറസ്റ്റ് ചെയ്തത് നിയമവിരുദ്ധ പ്രവർത്തനത്തിനാണ്. ആര് തെറ്റ് ചെയ്താലും നടപടി ഉണ്ടാക്കും. ശബരിമലയിൽ ആക്രമികളെത്തിയത് മോദിയുടെ അനുഗ്രഹാശിർവാദത്തോടെയെന്നും മുഖ്യമന്ത്രി ആരോപിച്ചു.
144 പ്രഖ്യാപിക്കാൻ മോദി സർക്കാരാണ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. ശബരിമലയിലേക്ക് കാണിക്ക തടസപ്പെടുത്താൻ ആഹ്വാനം ചെയ്തത് മോദിയുടെ അനുയായികൾ. ശബരിമല വിശ്വാസികളെ ആക്രമിക്കാൻ ഇവർ ആളെ അയച്ചു. പൊലീസുകാരെ തേങ്ങയെടുത്ത് അടിക്കുകയാണ് അക്രമികൾ ചെയ്തത്. തിരുസന്നിധിയിൽ വരെ അക്രമികളെത്തി. അക്രമികളെ പൊലീസ് നിലയ്ക്ക് നിലനിർത്തി.
ഇതേപ്പറ്റി കൂടുതൽ ഒന്നും പറയാത്തത് തെരഞ്ഞെടുപ്പ് അടുത്തതിനാലാണ്. മോദിക്കും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാണ്. തനിക്ക് പറയാൻ ഒരുപാട് ഉണ്ട്. കേരളത്തിൽ വന്ന് ശബരിമല തീർത്ഥാടന കേന്ദ്രം എന്ന് പറഞ്ഞിട്ട് മംഗലാപുരത്ത് പോയി മറ്റൊന്നാണ് പ്രധാനമന്ത്രി പറയുന്നത്. കേരളത്തിൽ ശബരിമല വിഷയം പറയാതെ മംഗലാപുരത്ത് പോയി ശബരിമല വിഷയം ഉന്നയിച്ചത് മാന്യതയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ മാന്യത കാണിക്കണം പ്രധാനമന്ത്രി സ്ഥാനത്തിന് ചേരാത്ത വിധം മോദി നിലവിട്ട് സംസാരിക്കുകയാണ്. ബിജെപി സർക്കാരിന്റെ കാലത്ത് കർഷകർക്ക് താങ്ങുവിലയ്ക്ക് പകരം വെടിയുണ്ടയാണ് കിട്ടിയത്. അനിൽ അംബാനിയെ ഉപയോഗിച്ചാണ് മോദി റഫാൽ ഇടപാട് നടത്തിയത്. വഴിവിട്ട കരാർ ഉറപ്പിച്ചതിന് പ്രതിഫലമായാണ് ഫ്രഞ്ച് സർക്കാർ അനിൽ അംബാനിക്ക് നികുതി കുടിശിക നൽകിയത്. മതനിരപേക്ഷത ഇല്ലാതാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും എന്നു ചിന്തിക്കുകയാണ് സംഘപരിവാരെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിനെതിരേയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. പശുവിന്റെ പേരിൽ ആളെക്കൊല്ലുന്ന സംഘപരിവാറിനൊപ്പമാണ് കോൺഗ്രസ് നിലകൊള്ളുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here