മങ്കാദിംഗിന്റെ ഓർമ്മയിൽ വീണ്ടും രാജസ്ഥാൻ റോയൽസ് കിംഗ്സ് ഇലവനെ നേരിടുന്നു; ടോസ് വിവരങ്ങൾ

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസ് ഫീൽഡ് ചെയ്യും. ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബിൽ സാം കറനു പകരം ഡേവിഡ് മില്ലർ മടങ്ങിയെത്തി. സർഫറാസ് ഖാനു പകരം അർഷ്ദീപ് സിംഗും കിംഗ്സ് ഇലവനിൽ കളിക്കും. രാജസ്ഥാനിൽ മൂന്നു മാറ്റങ്ങളാണുള്ളത്. ആഷ്ടൺ ടേണർ, ഇഷ് സോധി, സ്റ്റുവർട്ട് ബിന്നി എന്നിവരാണ് രാജസ്ഥാൻ നിരയിലെ മാറ്റങ്ങൾ. സ്റ്റീവൻ സ്മിത്ത്, കൃഷ്ണപ്പ ഗൗതം, ലിയാം ലിവിങ്സ്റ്റൺ എന്നിവരാണ് ഇവർക്ക് വഴിയൊരുക്കിയത്.
ഈ സീസണിൽ പരസ്പരം ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൻ്റെ ഓർമ്മകളിലാവും ഇരു ടീമുകളും. അന്ന് അനായാസം വിജയത്തിലേക്ക് കുതിച്ച രാജസ്ഥാൻ റോയൽസിനെ കിംഗ്സ് ഇലവൻ ക്യാപ്റ്റൻ ആർ അശ്വിനാണ് വീഴ്ത്തിയത്. ഉജ്ജ്വല ഫോമിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ബട്ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയ കിംഗ്സ് ഇലവൻ മത്സരം 14 റൺസിന് വിജയിച്ചിരുന്നു.
ഇരു ടീമുകളും ഇനിയും കൃത്യമായ ഒരു കോമ്പിനേഷൻ കണ്ടെത്തിയിട്ടില്ല. ഇരു ടീമുകളുടെയും ഓപ്പണിംഗ് ജോഡി തന്നെയാണ് ടീമിൻ്റെ നട്ടെല്ല്. കെഎൽ രാഹുൽ- ക്രിസ് ഗെയിൽ സഖ്യം കിംഗ്സ് ഇലവനു വേണ്ടിയും ജോസ് ബട്ലർ-അജിങ്ക്യ രഹാനെ സഖ്യം രാജസ്ഥാൻ റോയൽസിനു വേണ്ടിയും മികച്ച തുടക്കമാണ് നൽകുന്നത്. എന്നാൽ ഇരു ടീമുകളുടെയും മധ്യനിര ഒരു പ്രശ്നമാണ്.
രാജസ്ഥാൻ മധ്യനിരയിൽ രാഹുൽ ത്രിപാഠിയുടെ പ്രശ്നം ഫോമില്ലായ്മയാണെങ്കിൽ സ്റ്റീവ് സ്മിത്തിൻ്റെ പ്രശ്നം മെല്ലെപ്പോക്കാണ്. അസ്ഥിരമായ പ്രകടനങ്ങൾ കാഴ്ച വെക്കുന്ന സഞ്ജു സാംസണും രാജസ്ഥാൻ്റെ പ്രശ്നമാണ്. മറുവശത്ത് മായങ്ക് അഗർവാൾ, മൻദീപ് സിംഗ്, ഡേവിഡ് മില്ലർ തുടങ്ങിയവരൊക്കെ മോശം പ്രകടനങ്ങളാണ് കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്. ഇരു ടീമുകളിലെയും പേസർമാരുടെ പ്രകടനങ്ങളും ആശാവഹമല്ല. ഇരു ടീമുകളിലുമായി ഒൻപതിനു താഴെ എക്കണോമി റേറ്റ് ഉള്ളത് ജോഫ്ര ആർച്ചർക്ക് മാത്രമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here