‘ജിഹാദിയുടെ വിത്ത്’; ആംബുലൻസിൽ എത്തിച്ച കുഞ്ഞിനെതിരെ വർഗീയ പരാമർശം നടത്തിയ ഹിന്ദു രാഷ്ട്രപ്രവർത്തകനെതിരെ ഡിജിപിക്ക് പരാതി

മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകനെതിരെ ഡിജിപിക്ക് പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായും അദ്ദേഹം കുറിച്ചിട്ടുണ്ട്.
ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്
ആംബുലന്‍സിലുള്ളത് ‘ന്യൂനപക്ഷ ജിഹാദിയുടെ വിത്ത്’; അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റി ഫേസ്ബുക്ക് പോസ്റ്റിട്ട തീവ്രവാദിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. കര്‍ശന നടപടിയെന്ന് പൊലീസ്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ സുഹൃത്തുക്കള്‍ക്ക് നന്ദി.
കഴിഞ്ഞ ദിവസമാണ് ബിനില്‍ സോമസുന്ദരം കുഞ്ഞിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
വിവാദമായതോടെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. ഇത് പിന്‍വലിക്കാന്‍ വൈകിയത് ചൂണ്ടികാട്ടി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അതിശക്തമായ വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയര്‍ത്തുന്നത്. ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്‌തോ എന്ന ചോദ്യവും ഉയര്‍ത്തുന്നവരുണ്ട്. ഹിന്ദു രാഷ്ട്ര സേവകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ കടവൂര്‍ സ്വദേശിയാണെന്നാണ് അറിയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here