വീണാ ജോർജിന് അമിത പ്രാധാന്യം നൽകി വെള്ളാപ്പള്ളി; കെ സുരേന്ദ്രന് വേണ്ട പരിഗണന നൽകിയില്ലെന്നാരോപിച്ച് ശരണം വിളിച്ച് പ്രതിഷേധം

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന് എസ്എൻഡിപി കൺവെൻഷൻ വേദിയിൽ വെള്ളാപ്പള്ളി നടേശൻ അമിത പരിഗണന നൽകി സ്വീകരിച്ചെന്ന് ആരോപിച്ച് എസ്എൻഡിപി പ്രവർത്തകരുടെ പ്രതിഷേധം. തിരുവല്ലയിൽ നടന്ന പരിപാടിയിലാണ് സംഭവം. വേദിയിലെത്തിയ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് വെള്ളാപ്പള്ളി വേണ്ട പരിഗണന നൽകിയില്ലെന്നാരോപിച്ച് പ്രവർത്തകർ ശരണം വിളികളുമായാണ് പ്രതിഷേധിച്ചത്.
മനയ്ക്കച്ചിറ എസ്എൻഡിപി കൺവെൻഷനിലേക്ക് ആദ്യമെത്തിയത് കെ സുരേന്ദ്രനായിരുന്നു. പരിപാടിയുടെ അവസാന ഭാഗത്ത് വേദിയിലെത്തിയ വീണാ ജോർജിനെ വെള്ളാപ്പള്ളി നടേശൻ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. ഇതിന് പിന്നാലെ ശരണം വിളിച്ച് പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. ശബരിമല യുവതീ പ്രവേശനത്തിൽ എൽഡിഎഫിനോട് ചേർന്ന് പ്രവർത്തിക്കുന്ന വെള്ളാപ്പള്ളിക്കെതിരായ പ്രവർത്തകരുടെ അമർഷമാണ് പ്രതിഷേധത്തിലൂടെ പുറത്ത് വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here