ജാതിയെപ്പറ്റിയും മതത്തെപ്പറ്റിയും പറയുന്നവർക്ക് വോട്ട് ചെയ്യരുതെന്ന് വിജയ് സേതുപതി; വീഡിയോ

ജാതിയെപ്പറ്റിയും മതത്തെപ്പറ്റിയും പറയുന്നവർക്ക് വോട്ട് ചെയ്യരുതെന്നഭ്യർത്ഥിച്ച് തമിഴ് നടൻ വിജയ് സേതുപതി. ഒരു പൊതു പരിപാടിയിൽ വെച്ചായിരുന്നു വിജയ് സേതുപതിയുടെ ആഹ്വാനം. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്.
“സൂക്ഷിച്ച് വോട്ട് ചെയ്യുക. ചിന്തിച്ച് വോട്ട് ചെയ്യുക. വോട്ട് ചെയ്യുമ്പോ പ്രധാനപ്പെട്ടത്, എപ്പോഴും, വരൂ, നമ്മുടെ നാട്ടിലൊരു പ്രശ്നം, നമ്മുടെ കോളേജിലൊരു പ്രശ്നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്നം, അല്ലെങ്കിൽ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്നം എന്ന് പറയുന്നരോടൊപ്പം ചേരുക. നമ്മുടെ ജാതിക്കൊരു പ്രശ്നം, നമ്മുടെ മതത്തിനൊരു പ്രശ്നം എന്ന് പറയുന്നവരോടൊപ്പം ചേരാതിരിക്കുക. ആ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് വീട്ടിൽ പൊലീസ് കാവലിലിരിക്കും. നമ്മളാണ് പിടിക്കപ്പെടുക. ദയവ് ചെയ്ത് അറിഞ്ഞോളൂ.”- ഇങ്ങനെയാണ് വിജയ് സേതുപതി പറയുന്നത്.
ശ്രദ്ധേയമായ വേഷങ്ങളിലൂടെ അതിശയിപ്പിക്കുന്ന നടനാണ് വിജയ് സേതുപതി. പിസ്സ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ജിഗർതണ്ട, നാനും റൗഡി താൻ, ഇരൈവി, ആണ്ടവൻ കട്ടളൈ, വിക്രം വേദ തുടങ്ങി എണ്ണം പറഞ്ഞ സിനിമകളിലൂടെ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിരുന്നു. ജയറാമിനൊപ്പം മാർക്കോണി മത്തായി എന്ന ചിത്രത്തിലൂടെ അദ്ദേഹം മലയാളത്തിൽ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here