തെരഞ്ഞെടുപ്പിന് ഒരുങ്ങി മാവേലിക്കര

അറിഞ്ഞു ചെയ്യാം വോട്ട്- 16
നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി
കേരളത്തിലെ കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലം. കേരളത്തെ ഒന്നാകെ ഉലച്ച മഹാപ്രളയത്തില്‍ വന്‍ തോതിലുള്ള നാശനഷ്ടങ്ങള്‍ ഈ മണ്ഡലത്തിന്റെ പലയിടങ്ങളിലും അലയടിച്ചിരുന്നു. അതിജീവനത്തിന്റെ കര കയറുന്ന മാവേലിക്കര ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്.
കൊല്ലം ജില്ലയിലെ പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂര്‍, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട് എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലം. 2008 ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെയാണ് ഈ നിയമസഭാ മണ്ഡലങ്ങള്‍ മാവേലിക്കരയുടെ ഭാഗമായത്. അതിനുമുമ്പ് കായംകുളം, തിരുവല്ല, കല്ലൂപാറ, ചെങ്ങന്നൂര്‍, മാവേലിക്കര, പന്തളം എന്നീ മണ്ഡലങ്ങളായിരുന്നു മാവേലിക്കര ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിത്യസ്ത രാഷ്ട്രീയത്തെയാണ് മാവേലിക്കര പിന്തുണച്ചുപോരുന്നത്. നിയമസഭയില്‍ ഇടത്തേയ്ക്ക് കൂറ് കാട്ടുന്ന മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലത്തുപക്ഷത്തോട് കൂറ് പുലര്‍ത്തിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രം.
എന്തായാലും മാവേലിക്കരയിലെ വിവിധ പൊതു തെരഞ്ഞെടുപ്പുകളുടെ ചരിത്രമൊന്ന് വിലയിരുത്തി നോക്കാം. 1962 മുതല്‍ 2014 വരെയുള്ള പതിനാല് തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ തവണയും വലത്തുപക്ഷത്തെയാണ് മാവേലിക്കര പിന്തുണച്ചതെന്ന് വ്യക്തം. 1962 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ആര്‍ അച്യുതനിലൂടെ യുഡിഎഫ് വിജയം നേടി. 77- ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ബി കെ നായരിലൂടെയായിരുന്നു വലത്തുപക്ഷത്തിന്റെ വിജയം. 1980 -ല്‍ പി ജെ കുര്യനിലൂടെ വീണ്ടും വലത്തുപക്ഷത്തിനും നേട്ടം.
തുടര്‍ന്ന് 84 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കാലിടറിയെങ്കിലും 1989 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മണ്ഡലത്തില്‍ ശക്തമായി തിരിച്ചെത്തി. 88 മുതല്‍ 98 വരെ നടന്ന നാല് തെരഞ്ഞെടുപ്പുകളിലും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ പി ജെ കുര്യനിലൂടെ വലത്തുപക്ഷം മണ്ഡലത്തില്‍ നിലയുറപ്പിച്ചു. തുടര്‍ന്ന് 1999 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയിലൂടെ വീണ്ടും മണ്ഡലത്തില്‍ യുഡിഎഫ് തന്നെ നേട്ടം കൊയ്തു. 2004- ല്‍ കോണ്‍ഗ്രസിനെതിരെ മണ്ഡലം വിധി എഴുതി. എന്നാല്‍ 2009 -ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷിലൂടെ വലത്തുപക്ഷം വിജയിച്ചു. 2014 -ല്‍ നടന്ന ഇലക്ഷനിലും ഇതേ വിജയം യുഡിഎഫ് ആവര്‍ത്തിച്ചു. കൊടിക്കുന്നില്‍ സുരേഷിനെ തന്നെയാണ് ഇത്തവണയും യുഡിഎഫ് പോരാട്ടത്തിനിറക്കുന്നത്.
ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ശബരിമലയെ മുഖ്യ പരചണായുധമാക്കി മാറ്റിക്കൊണ്ട് എന്‍ഡിഎ യും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാണ്. ബിഡിജെഎസിലെ തഴവ സഹദേവനാണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. കാര്‍ഷിക മേഖലയും പ്രളയാനന്തര വികസനവുമെല്ലാംമാണ് ഇടത്തുപക്ഷ വലത്തുപക്ഷ മുന്നണികള്‍ മുമ്പോട്ടുവെയ്ക്കുന്ന പ്രധാന പ്രചരണായുധങ്ങള്‍.
Read more:ചാലക്കുടിയില്‍ പോരാട്ടം മുറുകുമ്പോള്‍
2014 -ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനാത്തില്‍ വിലയിരുത്തുന്നതും ഉചിതമാണ്. 402432 വോട്ടുകളാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷ് നേടിയത്. അതായത് മണ്ഡലത്തിലെ ആകെ വോട്ടുകളുടെ 45.26 ശതമാനം. ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥി ചെങ്ങറ സുരേന്ദ്രന്‍ 3,69,695 വോട്ടും ആ തെരഞ്ഞെടുപ്പില്‍ നേടി. അതായത് ആകെ വോട്ടുകളുടെ 41.58 ശതമാനം. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി സുധീര്‍ 79,743 വോട്ടുകള്‍ നേടിയിരുന്നു. 32,737 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ വിജയം.
അതേസമയം കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുകയാണെങ്കില്‍ കൂടുതല്‍ മണ്ഡലങ്ങളും കൂറ് പുലര്‍ത്തിയിരിക്കുന്നത് ഇടത്തുപക്ഷത്തോടാണെന്ന് വ്യക്തമാകും. ഏഴ് മണ്ഡലങ്ങളില്‍ പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂര്‍, മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട് എന്നീ അറ് മണ്ഡലങ്ങളും എല്‍ഡിഎഫിന് അനുകൂലമാണ്. ചങ്ങനാശ്ശേരി മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണച്ചത്. 601410 പുരുഷ വോട്ടര്‍മാരും 6,71,339 വനിതാ വോട്ടര്‍മാരും 2 തേര്‍ഡ് ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം 12,72,751 വോട്ടര്‍മാരാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലത്തില്‍ ആകെയുള്ളത്.
നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി; ‘അറിഞ്ഞുചെയ്യാം വോട്ട്’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here