കോൺഗ്രസ് വിട്ടതിന് പിന്നാലെ പ്രിയങ്ക ചതുർവേദി ശിവസേനയിൽ ചേർന്നു

കോൺഗ്രസ് ദേശീയ മാധ്യമ വിഭാഗം കൺവീനറും വക്താവുമായ പ്രിയങ്ക ചതുർവേദി ശിവസേനയിൽ ചേർന്നു. കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പാർട്ടി പദവികളിൽ നിന്നും രാജിവെച്ചതിന് തൊട്ട് പിന്നാലെയാണ് ശിവസേനയിലേക്കുള്ള ചേക്കേറൽ. ഉത്തർപ്രദേശിലെ മഥുരയിൽ അപമര്യാദയായി പെരുമാറിയ പാർട്ടി പ്രവർത്തകർക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പ്രിയങ്ക കോൺഗ്രസ് വിട്ടത്.
Mumbai: Priyanka Chaturvedi and Shiv Sena Chief Uddhav Thackeray at Matoshree pic.twitter.com/B4izOBFqeV
— ANI (@ANI) April 19, 2019
പത്ത് വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് എൻഡിഎ ഘടകക്ഷിയായ ശിവസേനയിൽ പ്രിയങ്ക ചതുർവേദി ചേർന്നത്. മുംബൈയിൽ നടന്ന ചടങ്ങിൽ ശിവസേന തലവൻ ഉദ്ദവ് താക്കറെയും മകൻ ആദിത്യ താക്കറെയും പ്രിയങ്ക ചതുർവേദിയെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. ഉദ്ദവ് താക്കറിന് നന്ദി പറഞ്ഞ പ്രിയങ്ക ചതുർവേദി, കോൺഗ്രസിൽ നിന്ന് ലഭിച്ചത് അപമാനം മാത്രമാണെന്ന് ആരോപിച്ചു. തന്റെ മുൻകാല പ്രസ്താവനകൾക്ക് മറുപടി പറയേണ്ടി വരുമെന്ന് അറിയാമെന്നും, എങ്കിലും ശിവസേനയിൽ ചേരാനുള്ള തീരുമാനം ഏറെ ആലോചിച്ച് എടുത്തതാണെന്നും അവർ പറഞ്ഞു.
ഇന്നലെ രാത്രിയാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പ്രിയങ്ക ചതുർവേദി രാജിവെച്ചത്. ഉത്തർപ്രദേശിലെ മഥുരയിൽ അപമര്യാദയായി പെരുമാറിയ പ്രവർത്തകർക്കെതിരെ എടുത്ത അച്ചടക്ക നടപടി പിൻവലിച്ചതിൽ പ്രതിഷേധിച്ചായിരുന്നു രാജി. സ്ത്രീ സുരക്ഷയും അഭിമാനവും ശാക്തീകരണവുമെല്ലാം കോൺഗ്രസ് നയമാണെങ്കിലും, പാർട്ടിയിലെ ചില അംഗങ്ങൾ തന്നെ അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് ദു:ഖകരമാണെന്നും അവർ പറഞ്ഞു. പാർട്ടി പ്രവർത്തനത്തിനിടെ തന്നോട് ഏതാനും പ്രവർത്തകർ അപമര്യാദയായി പെരുമാറിയ സംഭവത്തെ പാർട്ടി അവഗണിച്ചു. ഇതോടെ ആത്മാഭിമാനത്തോടെ ഇനിയും പാർട്ടിയിൽ തുടരാൻ കഴിയില്ലെന്ന വ്യക്തമായതായും പ്രിയങ്ക ചതുർവേദി രാജിക്കത്തിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here