Advertisement

‘ചാരക്കേസിൽ നമ്പി നാരായണന് വ്യക്തമായ പങ്ക്, ജേക്കബ് തോമസിന്റെ പ്രവർത്തനങ്ങളിൽ ദുരൂഹത’; വിവാദ വെളിപ്പെടുത്തലുകളുമായി സെൻകുമാറിന്റെ സർവീസ് സ്റ്റോറി

April 19, 2019
1 minute Read

നമ്പി നാരായണനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വാക്കുകൾ തള്ളി മുൻ ഡിജിപി ടി പി സെൻകുമാർ. പുറത്തിറങ്ങാനിരിക്കുന്ന ‘എന്റെ പൊലീസ് ജീവിതം’ എന്ന സർവീസ് സ്റ്റോറിയിൽ നമ്പി നാരായണന് ചാരക്കേസിൽ ബന്ധമുണ്ടെന്ന് ആരോപിക്കുന്നു. പല വിവാദ വെളിപ്പെടുത്തലുകളും പുസ്തകത്തിലുണ്ട്.

ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കോൺഗ്രസ് സർക്കാർ പീഡിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് പറയുമ്പോൾ വേദിയിൽ ടി പി സെൻകുമാറുമുണ്ടായിരുന്നു. നമ്പി നാരായണന് പത്മ ബഹുമതി നൽകിയതിനെ സെൻകുമാർ എതിർത്തതും ചരിത്രം. ഐഎസ്ആർഒ ചാരക്കേസ് പ്രതി മറിയം റഷീദയെ എങ്ങനെ അറിയാമെന്ന് നമ്പി നാരായണൻ വ്യക്തമാക്കണമെന്ന് പുസ്തകത്തിൽ ചോദിക്കുന്നു. കേസിൽ നമ്പി നാരായണന്റെ പങ്ക് മറനീക്കി പുറത്തു വരുമെന്നും സെൻകുമാർ പുസ്തകത്തിൽ പറയുന്നു.

ഡിജിപി ജേക്കബ് തോമസിന്റെ പ്രവർത്തനങ്ങളിൽ ദുരൂഹതയുണ്ട്. തനിക്ക് എതിരായ എല്ലാ കേസുകൾക്ക് പിന്നിലും ജേക്കബ് തോമസാണ്. താൻ വീണ്ടും ഡിജിപി ആകാതിരിക്കാൻ ലോക്നാഥ് ബെഹ്റ ഡൽഹിയിലെ എല്ലാ സ്വാധീനങ്ങളും ഉപയോഗിച്ചു. പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കൊലപാതകം സിപിഐഎം സ്പോൺസേർഡ് ആകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥ ആദ്യം പറഞ്ഞതായി പുസ്തകത്തിൽ സെൻകുമാർ വ്യക്തമാക്കുന്നു. ഭരണം കിട്ടിയ ശേഷം ഇക്കാര്യം പറഞ്ഞു കേട്ടതുമില്ല.

ഷുക്കൂർ കേസിൽ നല്ല രീതിയിൽ അന്വേഷണമുണ്ടായില്ല. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഡമ്മികളെയാണ് പ്രതികളായി നൽകുന്നത്. ടി പി ചന്ദ്രശേഖരൻ, അരിയിൽ ഷൂക്കൂർ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിരമിച്ച ശേഷവും വേട്ടയാടുകയാണ്. മുൻ ഡിജിപി ജേക്കബ് പുന്നൂസിന് സിപിഐഎമ്മിന്റെ കണ്ണൂർ വിഭാഗത്തോടായിരുന്നു പ്രതിബദ്ധതയെന്നും പുസ്തകത്തിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top