രാഹുൽ കേരളത്തിന്റെ തലയിൽ വീണ ശാപം; വയനാട്ടിലെ ജനങ്ങൾ കാണാൻ പോകുന്നത് ഹെലികോപ്റ്റർ മാത്രമെന്ന് അൽഫോൺസ് കണ്ണന്താനം

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ രൂക്ഷമായി വിമർശിച്ച് എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം. ഇത്രയും വലിയ ശാപം നമ്മുടെ തലയിൽ വീണെന്ന് കേരളമൊന്ന് അറിയട്ടെ എന്നായിരുന്നു കണ്ണന്താനത്തിന്റെ പരാമർശം. രാഹുൽ ഗാന്ധി എംപിയായാൽ ഹെലികോപ്റ്ററിൽ വയനാട്ടിൽ വന്നിറങ്ങി വർഷത്തിൽ ഒരിക്കൽ ഈസ്റ്ററിനോ ഓണത്തിനോ കറങ്ങും. അത് കഴിഞ്ഞ അടുത്ത തവണ നോമിനേഷൻ നൽകാൻ മാത്രമാകും വരിക. വയനാട്ടിലെ ജനങ്ങൾ കാണാൻ പോകുന്നത് ഹെലികോപ്റ്റർ മാത്രമാണെന്നും അൽഫോൻസ് പറഞ്ഞു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൽഫോൻസ് കണ്ണന്താനം.
എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ എംപിമാർ കേരളത്തിൽ തന്നെയുണ്ടാകും. രാഹുൽ ഗാന്ധി അമേഠി സന്ദർശിക്കുമ്പോൾ ഡൽഹിയിലെ പത്രങ്ങളിലെല്ലാം വാർത്തയുണ്ടാകും. ഒരു എംപി തന്റെ മണ്ഡലം സന്ദർശിക്കുമ്പോൾ പത്രത്തിൽ ഒരു വാർത്ത വരിക എന്നു പറഞ്ഞാൽ അതിന്റെ അർത്ഥമെന്താണ്? അമേഠിയുടെ ചരിത്രം പഠിച്ചാൽ അത് മനസിലാകും. താൻ അവിടെ പോയി താമസിച്ച് പഠിച്ചയാളാണാണെന്നും കണ്ണന്താനം പറഞ്ഞു.
ജാതിയുടേയോ മതത്തിന്റെയോ പേരിൽ താൻ വോട്ടു ചോദിക്കില്ല. തനിക്ക് എന്തൊക്കെ ചെയ്യാനാവുമെന്ന് ഇക്കാലത്തിനിടയിൽ ചെയ്തു കാണിച്ചിട്ടുണ്ട്. ടൂറിസവും ഐടിയുമാണ് വികസനത്തിന്റെ പ്രധാന മേഖലയായി കാണുന്നത്. അതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here