നായകൻ നയിച്ചു; കൂട്ടിന് ധവാനും: ഡൽഹിക്ക് ജയം

നായകൻ ശ്രേയാസ് അയ്യർ അർദ്ധസെഞ്ചുറിയുമായി നയിച്ച മത്സരത്തിൽ ഡൽഹിക്ക് ജയം. രണ്ട് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റിനായിരുന്നു ഡൽഹിയുടെ ജയം. 58 റൺസെടുത്ത ശ്രേയാസ് അയ്യരോടൊപ്പം 56 റൺസെടുത്ത ശിഖർ ധവാനും ഡൽഹി വിജയത്തിൽ സുപ്രധാന പങ്കു വഹിച്ചു.
മുംബൈക്കെതിരെ നിർത്തിയ ഇടത്തു നിന്നാണ് ധവാൻ തുടങ്ങിയത്. ബൗളർമാരെ കടന്നാക്രമിച്ച ധവാൻ ഡൽഹിക്ക് ഉജ്വല തുടക്കം നൽകി. നാലാം ഓവറിൽ 13 റൺസെടുത്ത പൃഥ്വി ഷായെ നഷ്ടമായതിനു ശേഷം ക്രീസിൽ ഒത്തു ചേർന്ന ധവാനും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ശ്രദ്ധാപൂർവ്വമാണ് ഇന്നിംഗ്സ് നയിച്ചത്. മോശം പന്തുകൾ തിരഞ്ഞെടുത്ത് ശിക്ഷിച്ച ഇരുവരും 92 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് വേർപിരിഞ്ഞത്.
14ആം ഓവറിൽ വിൽജോണാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 41 പന്തുകളിൽ ഏഴ് ബൗണ്ടറികളും ഒരു സിക്സറും സഹിതം 56 റൺസെടുത്ത ധവാനെ വിൽജോൺ അശ്വിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. ഒരു വശത്ത് ബാറ്റിംഗ് തുടർന്ന ശ്രേയസ് അയ്യറിനൊപ്പം ധവാൻ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ഋഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി. വിൽജോണെ ഉയർത്തി അടിക്കാനുള്ള ശ്രമം സാം കറൻ്റെ കൈകളിൽ അവസാനിക്കുമ്പോൾ പന്തിൻ്റെ സമ്പാദ്യം 6 റൺസ് മാത്രമായിരുന്നു.
45 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറി പൂർത്തിയാക്കിയ ക്യാപ്റ്റൻ ശ്രേയാസ് അയ്യർ കോളിൻ ഇൻഗ്രമുമായി ചേർന്ന് വലിയ നഷ്ടങ്ങളൊന്നുമില്ലാതെ ഡൽഹിയെ വിജയത്തിലെത്തിക്കുമെന്ന് കരുതിയിരിക്കവെ 19ആം ഓവറിൽ ഷമി ഇൻഗ്രമിൻ്റെ കുറ്റി പിഴുതു. 9 പന്തുകളിൽ നാല് ബൗണ്ടറി ഉൾപ്പെടെ 19 റൺസെടുത്ത ഇൻഗ്രമിൻ്റെ വിക്കറ്റ് ഡൽഹിയെ ത്രിശങ്കുവിലാക്കി. അടുത്ത പന്തിൽ ഡബിൾ ഓടാനുള്ള ശ്രമത്തിനിടെ അക്സർ പട്ടേൽ റണ്ണൗട്ടായതോടെ ഡൽഹി വിറച്ചു.
ജയിക്കാൻ ആറ് റൺസ് വേണ്ട അവസാന ഓവർ എറിഞ്ഞത് സാം കറനാണ്. മുൻപ് ഡൽഹിയുമായി ഏറ്റുമുട്ടിയപ്പോൾ ഹാട്രിക്കെടുത്ത് പഞ്ചാബിനെ ജയിപ്പിച്ച സാം കറന് ഇന്ന് ആ പ്രകടനം ആവർത്തിക്കാനായില്ല. ഓവറിലെ നാലാം പന്തിൽ ബൗണ്ടറി നേടിയ ശ്രേയസ് ഡൽഹിയെ വിജയത്തിലെത്തിക്കുകയായിരുന്നു.
നേരത്തെ ക്രിസ് ഗെയിലിൻ്റെ അർദ്ധസെഞ്ചുറിയുടെ കരുത്തിലാണ് പഞ്ചാബ് 163ലെത്തിയത്. ഗെയിൽ 69 റൺസെടുത്തെങ്കിലും മറ്റ് ബാറ്റ്സ്മാന്മാരുടെ ദയനീയ പ്രകടനമാണ് കിംഗ്സ് ഇലവൻ്റെ ശവക്കുഴി തോണ്ടിയത്. ഗെയിലിൻ്റേതുൾപ്പെടെ 3 വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർ സന്ദീപ് ലമിച്ഛാനെയാണ് ഡൽഹിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here