തിഹാർ ജയിലിൽ മുസ്ലീം തടവുകാരന് ക്രൂര പീഡനം; പഴുപ്പിച്ച ലോഹംകൊണ്ട് ശരീരത്തിൽ ‘ഓം’ കുത്തി

തിഹാർ ജയിലിൽ മുസ്ലീം തടവുകാരന് ക്രൂര പീഡനം. ശരീരത്തിൽ പഴുപ്പിച്ച ലോഹംകൊണ്ട് ‘ഓം’ ചാപ്പകുത്തിയതായാണ് ആരോപണം. ആയുധക്കടത്ത് കേസിൽ തടവിൽ കഴിയുന്ന ഡൽഹി സ്വദേശി നബീറിന് നേരെയാണ് തിഹാർ ജയിൽ ജീവനക്കാരുടെ പീഡനം.
വെള്ളിയാഴ്ച കാർകർദൂമ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴാണ് നബീർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഷർട്ട് അഴിച്ച് ശരീരത്തിൽ ഓം ചാപ്പകുത്തിയത് നബീർ മജിസ്‌ട്രേറ്റിന് മുന്നിൽ കാണിച്ച് കൊടുത്തു. ജയിൽ അധികൃതരിൽ നിന്നുമേറ്റ പീഡനത്തെക്കുറിച്ച് നബീർ തുറന്നു പറയുകയും ചെയ്തു.
തിഹാർ ജയിൽ സൂപ്രണ്ട് രാജേഷ് ചൗഹാനെതിരെയാണ് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. താൻ മുസ്ലീം ആണെന്ന് മനസ്സിലാക്കിയതിന് പിന്നാലെയാണ് തന്റെ ശരീരത്തിൽ സൂപ്രണ്ട് ‘ഓം’ എന്ന് പച്ച കുത്തിതെന്നും നബീർ ആരോപിച്ചു.
നബീറിന്റേത് ഗുരുതര ആരോപണമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ആരോപണം അന്വേഷിക്കാൻ മജിസ്‌ട്രേറ്റ് തിഹാർ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടു. സംഭവത്തിൽ 24 മണിക്കൂറിനകം മറുപടി നൽകാനും നബീറിനെ ജയിൽ നിന്ന് മാറ്റാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here