കൊല്ലത്ത് ഇവന്റ്മാനേജ്‌മെന്റിനെ ഉപയോഗിച്ച് പണം വിതരണം ചെയ്യുന്നുവെന്ന പരാതി; വാഹന പരിശോധന ശക്തമാക്കി

കൊല്ലത്ത് ഇടതു മുന്നണി ഇവന്റ്മാനേജ്‌മെന്റിനെ ഉപയോഗിച്ച് വോട്ടിന് പണം വിതരണം ചെയ്യുന്നുവെന്ന പരാതിയിൽ ജില്ലാ കളക്ടറുടെ നടപടി. ജില്ലയിൽ വാഹന പരിശോധനയും നിരീക്ഷണവും ശക്തമാക്കാനാണ് നിർദേശം. യുഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കോഴിക്കോട് ആസ്ഥാനമായ ഇവൻറ്മാനേജ്‌മെന്റ് ടീമിനെ നിയോഗിച്ച് എൽഡിഎഫ് വോട്ടിന് പണം നൽകുന്നുവെന്ന ഗുരുതര ആരോപണമാണ് കൊല്ലത്തെ യുഡിഎഫ് നേതൃത്വം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്കും തെരെഞ്ഞെടുപ്പ് കമ്മീഷനും രേഖാമൂലം പരാതിയും നൽകി. ഇതിന് പിന്നാലെ വിഷയത്തിൽ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ വിഷയത്തിൽ ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചിരിക്കുന്നത്.
അനധികൃതമായി കൊണ്ടു പോകുന്ന പണം കണ്ടെത്താനായി കൊല്ലം ജില്ലയിൽ പരിശോധന ശക്തമാക്കാനാണ് നിർദേശം. പ്രത്യേക ഇടങ്ങളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ ഫ്‌ളൈയിംഗ് സ്‌ക്വാഡിനും നിർദേശം നൽകിയിട്ടുണ്ട്. എവിടെയെങ്കിലും പരാതി ഉയർന്നാൽ അവിടെ അടിയന്തരമായി പരിശോധന നടത്തണമെന്നും കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, പരാജയഭീതി മൂലമാണ് യുഡിഎഫ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് ഇടതു മുന്നണിയുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here