പ്രവചനങ്ങള്‍ക്കുമപ്പുറം പത്തനംതിട്ടയുടെ തെരഞ്ഞെടുപ്പ് ഫലം

അറിഞ്ഞുചെയ്യാം വോട്ട്- 17
നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി
രാജ്യമൊട്ടാകെ തെരഞ്ഞെടുപ്പിന്റെ അലയൊലികളാണ് ഇപ്പോള്‍. നാടും നഗരവുമെല്ലാം പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. വയനാട് കഴിഞ്ഞാല്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്ന കേരളത്തിലെ മറ്റൊരു ലോക്‌സഭാ മണ്ഡലമാണ് പത്തനംതിട്ട. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ പൊതു തെരഞ്ഞെടുപ്പ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടുന്നത്. മൂന്ന് മുഖ്യധാര മുന്നണികളും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനാണ് ഇത്തവണ പത്തനംതിട്ട വേദിയാകുന്നത്.
2008-ലെ മണ്ഡല പുനക്രമീകരണത്തിന്റെ ഭാഗമായാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം രൂപീകൃതമായത്. അതുകൊണ്ടുതന്നെ രണ്ട് വര്‍ഷത്തെ തെരഞ്ഞെടുപ്പ് ചരിത്രം മാത്രമാണ് പത്തനംതിട്ട മണ്ഡലത്തിന് പറയാനുള്ളതും. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പുകളിലും യുഡിഎഫിനായിരുന്നു മണ്ഡലത്തില്‍ വിജയം. 2009 ലാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. വലത്തുപക്ഷ സ്ഥാനാര്‍ത്ഥിയായ ആന്റോ ആന്റണിക്കായിരുന്നു വിജയം. 4,08,232 വോട്ടുകള്‍ ആ തെരഞ്ഞെടുപ്പില്‍ ആന്റോ ആന്റണി നേടി. അതായത് മണ്ഡലത്തിലെ ആകെ വോട്ടുകളുടെ 51.21 ശതമാനം. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു കെ അനന്തഗോപന്‍ 2,97,026 വോട്ട് നേടി. 2009 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ബി രാധാകൃഷ്ണ മേനോന്‍ 56,294 വോട്ടുകളാണ് നേടിയത്. 1,11,206 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ആന്റോ ആന്റണിയുടെ വിജയം.
2014 ലെ പൊതുതെരഞ്ഞെടുപ്പ് പരിശോധിക്കാം. ഈ തെരഞ്ഞെടുപ്പിലും ആന്റോ ആന്റണി തന്നെയായിരുന്നു വലത്തുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും വിജയം നേടിയതും. 2014 ലെ തെരഞ്ഞെടുപ്പില്‍ 3,58,842 വോട്ടുകളാണ് ആന്റോ ആന്റണി നേടിയത്. അതായത് ആകെ വോട്ടുകളുടെ 41.27 ശതമാനം. എല്‍ഡിഎഫിനെ പിന്തുണച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഫിലിപ്പോസ് തോമസ് ആകെ വോട്ടുകളുടെ 34.81 ശതമാനവും നേടി. അതായത് 3,02,651 വോട്ടുകള്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന എം ടി രമേശ് 1,38,954 വോട്ടുകളും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ നേടി. 56,191 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു 2014 ലെ തെരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിയുടെ വിജയം.
ക്രൈസ്തവ സഭയ്ക്ക് ഏറെ സ്വാധീനമുള്ള ലോക്‌സഭാ മണ്ഡലമാണ് പത്തനംതിട്ട. ഒപ്പംതന്നെ എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സംഘടനകള്‍ക്കും മണ്ഡലത്തില്‍ നല്ല രീതിയിലുള്ള വേരോട്ടമുണ്ട്. മണ്ഡലത്തിലെ വിജയ പരാജയങ്ങളെ നിര്‍ണ്ണയിക്കുന്നതില്‍ ഇത്തരം വോട്ടുകള്‍ക്കും കാര്യമായ പങ്കുണ്ട്. വികസനം ഇടത്തുപക്ഷ വലത്തുപക്ഷ മുന്നണികള്‍ പ്രധാന പ്രചരണായുധമാക്കുമ്പോള്‍ ശബരിമല യുവതീ പ്രവേശനമാണ് എന്‍ഡിഎയുടെ പ്രധാന പ്രചരണ വിഷയം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി, പൂഞ്ഞാര്‍, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്‍മുള, കോന്നി, അടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്.
Read more:കാസര്‍ഗോഡിന്റെ രാഷ്ട്രീയം, അതിങ്ങനാണ്!
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ മണ്ഡലങ്ങളും എല്‍ഡിഎഫിനോടാണ് കൂറ് പുലര്‍ത്തിയിരിക്കുന്നത് എന്ന് വ്യക്തം. തിരുവല്ല, ആറന്‍മുള, അടൂര്‍, റാന്നി എന്നീ മണ്ഡലങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചത് ഇടത്തുപക്ഷത്തെയാണ്. കോന്നിയും കാഞ്ഞിരപ്പള്ളിയും യുഡിഎഫിനെ പിന്തുണച്ചിരിക്കുന്നു. അതേസമയം പൂഞ്ഞാറില്‍ കേരള ജനപക്ഷമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടിയത്. ബിജെപി ഇത്തവണ ഏറ്റവും അധികം പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലംകൂടിയാണ് പത്തനംതിട്ട. പി സി ജോര്‍ജിന്റെ ബിജെപി പ്രവേശനവും എന്‍ഡിഎയ്ക്ക് കൂടുതല്‍ പ്രതീക്ഷ പകരുന്നു. എന്തായാലും പ്രവചനങ്ങള്‍ക്കും അതീതമാണ് പത്തനംതിട്ടയുടെ അന്തിമ തെരഞ്ഞെടുപ്പ് ഫലം.
6,41,473 പുരുഷ വോട്ടര്‍മാരും 6,98,718 വനിതാ വോട്ടര്‍മാരും രണ്ട് തേര്‍ഡ് ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം 13,40,193 വോട്ടര്‍മാരാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ആകെയുള്ളത്.
നിങ്ങളുടെ ലോക്‌സഭാ മണ്ഡലത്തെക്കുറിച്ച് സമഗ്ര വിവരങ്ങളടങ്ങിയ പ്രത്യേക പംക്തി; ‘അറിഞ്ഞുചെയ്യാം വോട്ട്’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here