രമ്യ ഹരിദാസിനെതിരായ വിവാദ പരാമർശം; എ വിജയരാഘവനെതിരെ പൊലീസ് കേസെടുക്കില്ല

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ കേസെടുക്കില്ല. ഇത് സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശം നൽകി. അധിക്ഷേപപരമായ പ്രസംഗം നടത്തിയിട്ടില്ലെന്നാണ് മലപ്പുറം എസ്പിക്ക് ലഭിച്ചിരിക്കുന്ന
നിയമോപദേശം. ജില്ലാ പൊലീസ് മേധാവി തൃശൂർ റേഞ്ച് ഐജിക്ക് റിപ്പോർട്ട് കൈമാറി.
രമ്യ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമർശം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. പൊന്നാനിയിൽ എൽഡിഎഫ് കൺവെൻഷനിൽ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവൻ രമ്യയ്‌ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത്. ആലത്തൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെൺകുട്ടിയുടെ കാര്യം എന്താകുമെന്ന് താൻ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമർശം. ഇതിന് പിന്നാലെ വിജയരാഘവനെതിരെ രമ്യ പൊലീസിൽ പരാതി നൽകിയിരുന്നു.
വിഷയത്തിൽ വനിതാ കമ്മീഷനും ഇടപെട്ടു. സ്ത്രീകൾക്കെതിരെ ആരായാലും ഇത്തരത്തിലുള്ള പരാമർശം നടത്തുന്നത് ശരിയല്ലെന്നായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞത്. എന്നാൽ വിജയരാഘവനെതിരെ നടപടി സ്വീകരിക്കാൻ വനിതാ കമ്മീഷൻ തയ്യാറായില്ല. ഇതിനെതിരെ രമ്യ കഴിഞ്ഞ ദിവസം വിമർശനവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീ വിരുദ്ധ പരാമർശത്തിൽ കെ സുധാകരനെതിരെ നടപടി സ്വീകരിച്ച വനിതാ കമ്മീഷൻ സംഭവത്തെക്കുറിച്ച് തന്നോട് വിളിച്ച് അന്വേഷണിക്കാൻ പോലും തയ്യാറായില്ലെന്ന് രമ്യ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here