Advertisement

മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ നിലയിലേക്ക് ഡിജിപി തരംതാണു; കടുത്ത നീതി നിഷേധമെന്ന് രമ്യ ഹരിദാസ്

April 20, 2019
0 minutes Read

സംസ്ഥാനെ പാലീസിന്റെ ഭാഗത്ത് നിന്ന് കടുത്ത നീതി നിഷേധമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. മോശം പരാമർശത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ കേസെടുക്കെണ്ടെന്ന പൊലീസ് നിലപാടിനെ വിമർശിച്ചാണ് രമ്യ രംഗത്തെത്തിയത്. കേരളത്തിലെ സ്ത്രീകളാരും ഇക്കാര്യത്തിൽ സർക്കാരിനോട് പൊറുക്കില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ നിലയിലേക്ക് ഡിജിപി എത്തിയെന്നും രമ്യ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു രമ്യയുടെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനമാണ് രമ്യ ഉന്നയിച്ചത്. മുഖ്യമന്ത്രി ഇടപെട്ട് പൊലീസ് മേധാവിക്ക് ലഭിച്ച നിയമോപദേശം തിരുത്തിയെന്ന് രമ്യ ആരോപണം ഉന്നിയിച്ചു. പരാതി നൽകിയത് താൻ അവസാനത്തെ ഇരയാകണംഎന്നതിന്റെ പേരിൽ. കോടതിയിൽ നീതി ലഭിക്കും എന്നാണ് പ്രതീക്ഷ. വിഷയത്തിൽ കൃത്യമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും രമ്യ ഹരിദാസ് പറഞ്ഞു.

സ്ത്രീകൾക്കെതിരെ ഇത്തരത്തിലൊരു സംഭവം ഉണ്ടാകുമ്പോൾ രാഷ്ട്രീയത്തിനതീധമായി സർക്കാരിന്റെ ഭാഗത്തു നിന്നും ഇടപെടൽ ഉണ്ടാകേണ്ടതാണ്. എന്നാൽ സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറായില്ല. ഇത് തികച്ചും വേദനാജനകമാണെന്നും രമ്യ പറഞ്ഞു.

വിവാദ പരാമർശത്തിൽ എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. അധിക്ഷേപപരമായ പ്രസംഗം വിജയരാഘവൻ നടത്തിയിട്ടില്ലെന്നും മലപ്പുറം എസ്പിക്ക് ലഭിച്ച നിയമോപദേശത്തിൽ പറയുന്നു. ജില്ലാ പൊലീസ് മേധാവി, തൃശൂർ റേഞ്ച് ഐജിക്ക് റിപ്പോർട്ട് കൈമാറി.

രമ്യ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമർശം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. പൊന്നാനിയിൽ എൽഡിഎഫ് കൺവെൻഷനിൽ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവൻ രമ്യയ്‌ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത്. ആലത്തൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെൺകുട്ടിയുടെ കാര്യം എന്താകുമെന്ന് താൻ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമർശം. ഇതിന് പിന്നാലെ വിജയരാഘവനെതിരെ രമ്യ പൊലീസിൽ പരാതി നൽകിയിരുന്നു.

വിഷയത്തിൽ വനിതാ കമ്മീഷനും ഇടപെട്ടു. സ്ത്രീകൾക്കെതിരെ ആരായാലും ഇത്തരത്തിലുള്ള പരാമർശം നടത്തുന്നത് ശരിയല്ലെന്നായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞത്. എന്നാൽ വിജയരാഘവനെതിരെ നടപടി സ്വീകരിക്കാൻ വനിതാ കമ്മീഷൻ തയ്യാറായില്ല. ഇതിനെതിരെ രമ്യ കഴിഞ്ഞ ദിവസം വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top