മുംബൈയെ പിടിച്ചു കെട്ടി രാജസ്ഥാൻ; 162 റൺസ് വിജയ ലക്ഷ്യം

അജിങ്ക്യ രഹാനെ മാറി സ്റ്റീവൻ സ്മിത്ത് നായക സ്ഥാനമേറ്റ മത്സരത്തിൽ മികച്ച പ്രകടനവുമായി രാജസ്ഥാൻ റോയൽസ്. ഉജ്ജ്വലമായ ബൗളിംഗ് ചേഞ്ചുകളിലൂടെയും മികച്ച ഫീൽഡ് പ്ലേസ്മറ്റുകളിലൂടെയും കളി നിയന്ത്രിച്ച സ്മിത്തിൻ്റെ ക്യാപ്റ്റൻസി മികവിൽ മുംബൈ ഇന്ത്യൻസിനെ രാജസ്ഥാൻ റോയൽസ് 161ൽ ഒതുക്കി. 65 റൺസെടുത്ത ഡികോക്കാണ് മുംബൈയുടെ ടോപ്പ് സ്കോറർ.
പതിവിനു വിപരീതമായി സ്റ്റുവർട്ട് ബിന്നിയാണ് രാജസ്ഥാൻ്റെ ബൗളിംഗ് ഓപ്പൺ ചെയ്തത്. മൂന്നാം ഓവറിൽ രോഹിത് ശർമ്മയുടെ വിക്കറ്റെടുത്ത ശ്രേയാസ് ഗോപാൽ രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ നൽകി. കഴിഞ്ഞ കളി നിർത്തിയ ഇടത്തു നിന്ന് തുടങ്ങിയ ഡികോക്ക് മികച്ച ചില ഷോട്ടുകളിലൂടെ സ്കോർ ചെയ്തുവെങ്കിലും വൺ ഡൗണായി ക്രീസിലെത്തിയ സൂര്യകുമാർ യാദവിന് സ്കോർ ഉയർത്താൻ സാധിച്ചില്ല. ഇരുവരും ചേർന്ന് 97 റൺസിൻ്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയത്. 14ആം ഓവറിൽ കൂറ്റനടിക്കുള്ള ശ്രമത്തിനിടെ സ്റ്റുവർട്ട് ബിന്നിക്ക് വിക്കറ്റ് സമ്മാനിച്ച് സൂര്യകുമാർ മടങ്ങി. 33 പന്തുകളിൽ ഓരോ ബൗണ്ടറിയും സിക്സറും സഹിതം 34 റൺസെടുത്തതിനു ശേഷമാണ് സൂര്യകുമാർ പുറത്തായത്.
തൊട്ടടുത്ത ഓവറിൽ ക്വിൻ്റൺ ഡികോക്കിനെ പുറത്താക്കിയ ശ്രേയസ് ഗോപാൽ തൻ്റെ രണ്ടാം വിക്കറ്റ് കരസ്ഥമാക്കി. 47 പന്തുകളിൽ ആറ് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 65 റൺസെടുത്ത ഡികോക്കിനെ ശ്രേയസ് ഗോപാൽ സ്റ്റോക്സിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. 17ആം ഓവറിൽ പൊള്ളാർഡിനെ പുറത്താക്കിയ ഉനദ്കട്ട് മത്സരത്തിലെ തൻ്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. ഡെത്ത് ഓവറുകളിൽ ജോഫ്ര ആർച്ചർ ഉജ്ജ്വലമായി പന്തെറിഞ്ഞതോടെ കൂറ്റനടികൾ നടത്താൻ മുംബൈക്കായില്ല. മത്സരത്തിൽ രണ്ട് തവണ ജോഫ്ര ആർച്ചർ നിലത്തിട്ട ഹർദ്ദിക്ക് പാണ്ഡ്യയെയും ജോഫ്ര തന്നെ തളച്ചതോടെ മുംബൈ സ്കോർ 161ൽ ഒതുങ്ങി. 15 പന്തുകളിൽ രണ്ട് ബൗണ്ടറികളും ഒരു സിക്സറും സഹിതം 23 റൺസെടുത്ത ഹർദ്ദിക്കിനെ ജോഫ്ര വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here