സംഘർഷ സാധ്യത; വടകരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

സംഘർഷ സാധ്യത കണക്കിലെടുത്തും സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 23 ന് വടകരയിലും സമീപപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. 23 ന് വൈകീട്ട് ആറ് മുതൽ 24 ന് രാത്രി 10 വരെയാണ് നിരോധനാജ്ഞ. വടകര നഗരസഭാ പരിധിയിലും ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മൽ ഗ്രാമപഞ്ചായത്തുകളിലുമാണ് ക്രിമിനൽ നടപടി ചട്ടം 144 പ്രകാരം ജില്ലാ കളക്ടർ സാംബശിവ റാവു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനങ്ങൾ സംഘം ചേരുകയോ കൂട്ടംകൂടുകയോ ചെയ്യാൻ പാടില്ലെന്നും പൊതുപരിപാടികളും പ്രകടനങ്ങളും പാടില്ലെന്നും കളക്ടർ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് വൈകീട്ട് ആറ് മുതൽ വോട്ടെടുപ്പ് കഴിയുന്നത് വരെ ജില്ലയിൽ പൊതുപരിപാടികളോ റാലികളോ സംഘടിപ്പിക്കുന്നത് വിലക്കി ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. ഇത് കർശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ ജില്ലാ പോലീസ് മേധാവിമാർ, ഫ്ളയിങ്
സ്‌ക്വാഡുകൾ, സ്റ്റാറ്റിക് സർവലൻസ് ടീമുകൾ എന്നിവർക്ക് കളക്ടർ നിർദ്ദേശം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here