പരാജയഭീതിയിൽ സിപിഎമ്മും ബിജെപിയും സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണെന്ന് രമേശ് ചെന്നിത്തല

പരാജയഭീതിയിൽ സിപിഎമ്മും ബിജെപിയും സംസ്ഥാനത്തെങ്ങും അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സിപിഎം,ബിജെപി അക്രമികൾ അഴിച്ചു വിട്ട അക്രമങ്ങൾ അതീവ ആശങ്കയുണർത്തുന്നതാണ്.
തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകർ എ.കെ ആന്റണിയുടെ റോഡ് ഷോ തടയുകയും യുഡിഎഫ് പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തിട്ടും പോലീസ് അനങ്ങിയില്ലെന്നത് അതീവ ഗുരുതരമായ സ്ഥിതി വിശേഷത്തെയാണ് കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനും വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയ്ക്കും സിപിഎം പ്രവർത്തകരുടെ കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ സംഭവം ഗൗരവകരമായ കാര്യമാണ്.
Read Also; ആലത്തൂരിൽ കൊട്ടിക്കലാശത്തിനിടെ കല്ലേറ്; രമ്യ ഹരിദാസ് ആശുപത്രിയിൽ
വടകരയിൽ തെരഞ്ഞെടുപ്പ് ദിവസം നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് ദിവസവും സിപിഎമ്മും ബിജെപിയും ഇത്തരത്തിൽ സംസ്ഥാനത്തെങ്ങും വ്യാപകമായി സംഘർഷങ്ങൾ അഴിച്ചുവിടാൻ സാധ്യതയുള്ളതിനാൽ കൂടുതൽ സുരക്ഷാ സേനയെ സംസ്ഥാനത്തെങ്ങും വിന്യസിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here