ശ്രീലങ്കൻ സ്ഫോടനം: മരണം 207 ആയി; ഏഴു പേർ അറസ്റ്റിൽ

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ നടുക്കിയ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 207 ആയി. സംഭവത്തിൽ 500ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങളും വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 40ഓളം പേർ വിദേശികളാണെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്. ഞായറാഴ്ച രാവിലെ മൂന്ന് കത്തോലിക്ക പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലിലുമാണ് ആക്രമണം ഉണ്ടായത്. പിന്നീട് മറ്റിടങ്ങളിലും ആക്രമണം ആവർത്തിച്ചു. സ്ഫോടനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തു.
ഈസ്റ്റർ പ്രാർത്ഥന നടക്കുന്നതിനിടെ പ്രാദേശിക സമയം 8.45 ഓടെയാണ് സ്‌ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച്, ബാറ്റിക്കലോവ ചർച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടൽ സിന്നമൺ ഗ്രാൻഡ്. സ്‌ഫോടനത്തിൻ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ചില്ലുകൾ ഉൾപ്പെടെ തകർന്നിരുന്നു.
നെഗോമ്പോയിലെ പള്ളിയുടെ മേൽക്കൂര തകർന്നു വീണതും നിലത്ത് ചോര തളം കെട്ടിക്കിടക്കുന്നതും വ്യക്തമായി കാണുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിദേശ ടൂറിസ്റ്റുകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മരണ സംഖ്യ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ അടിയന്തര സുരക്ഷസമിതി യോഗം വിളിച്ചു കൂട്ടി സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here