കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കി; എല്ലാ ബസുകളുടെയും രേഖകൾ പരിശോധിക്കാൻ നിർദേശം

യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവത്തിൽ കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കി. സുരേഷ് കല്ലട ഗ്രൂപ്പിന്റെ എല്ലാ ബസുകളുടെയും രേഖകൾ പരിശോധിക്കാൻ നിർദേശം നൽകിയതായും ഗതാഗത കമ്മീഷണർ സുധേഷ് കുമാർ പറഞ്ഞു. സംഭവത്തിൽ യുവാക്കൾ യാത്ര ചെയ്തിരുന്ന ബസിന് 2022 വരെ പെർമിറ്റുള്ളതാണ്. എന്നാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്നും അതിനാൽ തന്നെ പെർമിറ്റ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായും സുധേഷ് കുമാർ പറഞ്ഞു. യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സുധേഷ് കുമാർ വ്യക്തമാക്കി.
യാത്രക്കാരുടെ സുരക്ഷിതത്വം മുൻ നിർത്തിയാണ് വാഹനങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്നത്. നിയമം ലംഘിച്ച് സർവീസ് നടത്തുന്ന എല്ലാ അന്തർസംസ്ഥാന ബസുകൾക്കെതിരെയും പരിശോധന ശക്തമാക്കുമെന്നും ഗതാഗത കമ്മീഷണർ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക് പോയ സുരേഷ് കല്ലട ബസിൽ വെച്ച് കഴിഞ്ഞ ദിവസമാണ് യാത്രക്കാരെ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചത്.
സംഭവത്തിൽ ബസ് സർവീസിന്റെ മാനേജർ അടക്കം മൂന്നു പേരെ മരട് പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതിനിടെ സുരേഷ് കല്ലട ബസ് സർവീസിന്റെ വൈക്കത്തെ ബുക്കിങ് ഓഫീസ് ഇടതുമുന്നണി പ്രവർത്തകർ അടപ്പിച്ചു. സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ
കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here