റഫാൽ കോടതിയലക്ഷ്യ കേസിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ്

റഫാൽ കോടതിയലക്ഷ്യ കേസിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ്. രാഹുലിന് കേസിൽ ഇതുവരെ നോട്ടീസ് അയച്ചിട്ടില്ല എന്ന് രാഹുലിന്റെ അഭിഭാഷകൻ അറിയിച്ചതോടെ കോടതി നോട്ടീസ് അയക്കാൻ തീരുമാനിക്കുകയായിരുന്നു.
‘ചൗക്കിദാർ ചോർ ഹെ’ എന്നത് രാഷ്ട്രീയ മുദ്രാവാക്യമാണെന്നും ഇത് കഴിഞ്ഞ 18 മാസമായി ഉന്നയിക്കുന്നതാണെന്നും രാഹുൽ പറഞ്ഞു. മുദ്രാവാക്യം കോടതിയുമായി ചേർത്ത് പറഞ്ഞതിൽ തെറ്റ് പറ്റിയിട്ടുണ്ട്. ഇതിൽ ഖേദം പ്രകടിപ്പിച്ചതായും അത് അംഗീകരിച്ച് കേസ് തീർപ്പാക്കണം എന്നും രാഹുൽ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചില്ല. കേസ് റഫാൽ പുനപരിശോധന ഹർജികൾക്കൊപ്പം ചൊവ്വാഴ്ച പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
രാഹുൽ ഗാന്ധി സമർപ്പിച്ച സത്യവാങ്മൂലത്തിൽ മാപ്പ് പറഞ്ഞിട്ടില്ല എന്നും ഖേദപ്രകടനം മാത്രമേ ഉള്ളൂ എന്ന് പരാതിക്കാരിയായ ബിജെപി നേതാവ് മീനാക്ഷി ലേഖി വാദിച്ചു. ചൗക്കിദാർ കള്ളനാണെന്ന് രാഹുൽ രാജ്യമെമ്പാടും പറഞ്ഞ് നടക്കുകയാണെന്നും മീനാക്ഷി ലേഖി പറഞ്ഞപ്പോൾ ആരാണ് ചൗക്കിദാർ എന്നായിരുന്നു കോടതിയുടെ ചോദ്യം.
ചൗക്കിദാർ കള്ളനാണെന്ന് സുപ്രീംകോടതിയും കണ്ടെത്തിയെന്ന പരാമർശത്തിൽ രാഹുൽ ഗാന്ധി ഇന്നലെ ഖേദം പ്രകടിപ്പിച്ചു. ഇത്തരമൊരു പരാമർശം തെരഞ്ഞെടുപ്പിന്റെ ചൂടിൽ പറഞ്ഞു പോയതാണെന്നും വിധി പൂർണമായി കാണാതെ, ലഭിച്ച വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രതികരിച്ചതാണെന്നും സുപ്രീംകോടതിയിൽ രാഹുൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here