വോട്ടർ പട്ടികയിൽ പേരില്ലാതിരുന്നിട്ടും ശിവകാർത്തികേയന് വോട്ട്; അനുമതി നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം

വോട്ടർ പട്ടികയിൽ പേരില്ലാതിരുന്നിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ നടൻ ശിവകാർത്തികേയന് അനുമതി നൽകിയ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സത്യഭ്രത സാഹോ. വോട്ടർ പട്ടികയിൽ നടന്റെ പേരില്ലെന്നത് വ്യക്തമായറിഞ്ഞിട്ടും വോട്ട് ചെയ്യാൻ അനുമതി നൽകിയെന്ന കാരണത്താലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സത്യഭ്രത രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ 18നായിരുന്നു തമിഴ്നാട്ടിൽ പോളിംഗ് നടന്നത്. ചെന്നൈയിലെ വൽസരവാക്കത്തെ സ്‌കൂളിലെ പോളിംഗ് ബൂത്തിൽ ഭാര്യ ആർതിക്കൊപ്പമാണ് ശിവകാർത്തികേയൻ വോട്ട് ചെയ്യാനെത്തിയത്. ഭാര്യ ആർതിയുടെ പേര് പട്ടികയിലുണ്ടായിരുന്നു. എന്നാൽ നടന്റെ പേര് ഉണ്ടായിരുന്നില്ല. വോട്ട് ചെയ്യാനാകില്ലെന്നു പറഞ്ഞപ്പോൾ പ്രത്യേക അനുമതി ലഭിച്ചിരുന്നുവെന്ന് പറഞ്ഞാണ് നടൻ വോട്ട് ചെയ്തത്.
അതിനു ശേഷം വോട്ട് അടയാളപ്പെടുത്തിയ കൈവിരൽ ഉയർത്തിപ്പിടിച്ച് എടുത്ത ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു. വോട്ട് ചെയ്യുക എന്നത് നിങ്ങളുടെ അവകാശമാണെന്നും ആ അവകാശത്തിനു വേണ്ടി പോരാടണമെന്നുമായിരുന്നു ശിവകാർത്തികേയൻ ട്വീറ്റ് ചെയ്തത്. വോട്ടർ പട്ടികയിൽ പേരില്ലാതെയാണ് ശിവകാർത്തികേയൻ വോട്ടു ചെയ്തതെന്ന വാർത്ത പുറത്തുവന്നതോടെ നടനെതിരെ രൂക്ഷവിമർശനങ്ങളാണ് സോഷ്യൽമീഡിയയിലടക്കം ഉയർന്നു വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here