‘മോദി വാഗ്ദാനങ്ങൾ പാലിക്കാത്തയാൾ; ആ മുഖം മൂടിക്ക് പിന്നിലെ യഥാർത്ഥ മുഖം അറിയില്ലായിരുന്നു’ : വിജേന്ദർ സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ബോക്‌സിംഗ് താരവും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ വിജേന്ദർ സിംഗ്. മോദി വാഗ്ദാനങ്ങൾ പാലിക്കാത്തയാളാണെന്നും, 15 ലക്ഷം രൂപ നൽകുമെന്ന് പറഞ്ഞത് പാവങ്ങൾ വിശ്വസിച്ചുവെന്നും വിജേന്ദർ സിംഗ് പറഞ്ഞു.
ഒരാളെ പ്രശംസിക്കുമ്പോൾ ആ മുഖം മൂടിക്ക് പിന്നിലെ യഥാർത്ഥ മുഖമെന്തെന്ന് നമുക്കറിയില്ലെന്നും താരം കൂട്ടിച്ചേർത്തു. കഴിഞ്ഞ കാലങ്ങളിൽ സോഷ്യൽമീഡിയയിൽ പരസ്പരം അഭിനന്ദിക്കുകയും ഒരുമിച്ച് സെൽഫിയെടുക്കുകയും ചെയ്ത സംഭവത്തെ കുറിച്ച് പരാമർശിച്ച് സംസാരിക്കുകയായിരുന്നു വിജേന്ദർ സിങ്.
Read Also : ബോക്‌സിംഗ് താരം വിജേന്ദർ സിംഗ് കോൺഗ്രസ് സ്ഥാനാർത്ഥി
‘ഒരാളെ പ്രശംസിക്കുമ്പോൾ മുഖം മൂടിയ്ക്ക് പിന്നിൽ എന്താണെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയില്ല. 2014ൽ ബി.ജെ.പി വലിയ വിജയമാണ് നേടിയിരുന്നത്. പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം ഇടുമെന്നാണ് പറഞ്ഞത്. അതിന്റെ യൂട്യൂബ് വീഡിയോ എന്റെ പക്കലുണ്ട്. കള്ളം പറഞ്ഞതായിരുന്നു. ആളുകൾ പ്രത്യേകിച്ച് പാവപ്പെട്ടവർ അദ്ദേഹത്തെ വിശ്വസിച്ചു. നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തയാളാണ് മോദി’- വിജേന്ദർ സിംഗ് പറഞ്ഞു.
തന്റെ ചിന്തകളും കാഴ്ചപ്പാടും കോൺഗ്രസിനോട് ചേർന്നു നിൽക്കുന്നതാണെന്നും ഭാവിയെ കുറിച്ച് സംസാരിക്കുന്നവരും വിദ്യാഭ്യാസമുള്ളവരുമായ നല്ല നേതാക്കളുള്ള പാർട്ടിയാണ് കോൺഗ്രസെന്നും വിജേന്ദർ സിങ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here