രാസാത്തി എന്ന അമ്മയുടെ മകൾ; ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവായി ഗോമതി മാരിമുത്തു

ദോഹയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ വിഭാഗത്തിൽ സ്വർണ മെഡൽ ജേതാവാണ് ഗോമതി മാരിമുത്തു.
ദോഹയിൽ ഇന്ത്യൻ കായിക ലോകത്തിൻ്റെ അഭിമാനമായി ഗോമതി നിൽക്കുമ്പോൾ തമിഴ്നാട്ടിലെ തൃച്ചിയിൽ മുതികണ്ടം എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു കൊച്ചു വീടിന്റെ മുന്നിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് എന്താണ് മറുപടി പറയുക എന്നറിയാതെ, മകളുടെ നേട്ടത്തിൽ സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി അവൾ നേടിയ മെഡലുകളൊക്കെ മാറോടു ചേർത്ത് 52 വയസ്സുകാരി രാസാത്തി എന്ന ഗോമതിയുടെ അമ്മ നിൽപ്പുണ്ട്.
കൃഷിയിടത്തിൽ കൂലിവേല ചെയ്താണ് രാസാത്തിയും, മാരിമുത്തുവും തങ്ങളുടെ മക്കളെ വളർത്തിയത്, കുടുംബത്തിലെ ദാരിദ്ര്യം അറിഞ്ഞു തന്നെയാണ് അവർ വളർന്നു വന്നതും. ഗോമതി ഉൾപ്പെടെ നാലു മക്കൾ അതിൽ ഏറ്റവും ഇളയവളാണ് ഗോമതി.
അച്ചന്റെ കഷ്ടപ്പാടുകൾ മൂലം പത്താം ക്ലാസിൽ പഠിപ്പ് നിർത്തേണ്ടി വന്നു മറ്റു മൂന്നു മക്കൾക്കും, അപ്പോഴും ഗോമതി പറയാറുള്ളത് തനിക്ക് ഇനിയും പഠിക്കണം എന്നാണ്, ജീവിതം ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയപ്പോഴും ചെറുപ്രായം മുതൽ തൻ്റെ ജീവിതത്തിൻ്റെ ഭാഗമായ കായിക മികവുകൾ അവൾ കൈവിട്ടില്ല.
ഗോമതി കായിക രംഗത്ത് ഓരോതവണയും നേട്ടങ്ങൾ കൈവരിക്കുമ്പോഴും ഒരുനാൾ അവൾ ഉയരങ്ങളിൽ എത്തുമെന്ന് ഉറച്ച വിശ്വാസം പുലർത്തിയിരുന്നു മാരിമുത്തു. അവളിൽ ഏറ്റവുമധികം പ്രതീക്ഷ വെച്ചതും ആ പിതാവ് തന്നെയാണ്.
അർബുദം മൂലമുള്ള അച്ചന്റെ മരണവും, പ്രിയപ്പെട്ട അദ്ധ്യാപകൻ്റെ വേർപാടും ഒരു പരിധിവരെ ഗോമതിയെ തളർത്തി എങ്കിലും സ്വപ്നങ്ങളിലേക്കും, ലക്ഷ്യത്തിലേക്കും അവളെ തിരിച്ചുവിടാൻ അമ്മയുടെ ഇടപെടൽ ഒപ്പമുണ്ടായിരുന്നു.
അവൾ എല്ലായിപ്പോഴും കായിക രംഗത്ത് ശ്രദ്ധ കൊടുത്തിരുന്നു, അത്രത്തോളം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു പഠനകാലം , അവൾ ഇത്രയും വരെ എത്തിച്ചേർന്നത് ജീവിതത്തിലെ ഉറച്ച നിശ്ചയദാർഢ്യത്തിൻ്റെ ഫലമാണെന്ന് ആ അമ്മ പറയുന്നു.
കഴിഞ്ഞ ആഴ്ചയിൽ മകൾ ഫോൺ ചെയ്തപ്പോൾ പറഞ്ഞിരുന്നു വിദേശത്ത് പോകുന്നുണ്ട് അവിടെ ഒരു മത്സരം ഉണ്ട് എന്നൊക്കെ, 25 ആം തീയതി തിരിച്ചുവരൂ എന്നും. എന്നാൽ തനിക്ക് അത്തരം കാര്യങ്ങളിൽ വലിയ അറിവൊന്നും ഇല്ല, ഇപ്പോൾ എന്താണ് പറയേണ്ടത് എന്നും അറിയില്ല, ടിവി വെക്കാൻ ഒന്നും എനിക്കറിയില്ല അതുകൊണ്ട് ഇന്നലെ ഇതൊന്നും അറിഞ്ഞിരുന്നില്ല.
ഇന്ന് പുലർച്ചെ 9: 30 ഒക്കെ ആയപ്പോഴാണ് അടുത്ത വീട്ടിലുള്ള ഒരാൾ വന്നു പറഞ്ഞത് മകൾ മത്സരത്തിൽ സ്വർണ മെഡൽ നേടിയ വിവരം, അത് ടിവിയിൽ കാണിക്കുന്നു എന്നൊക്കെ. എൻ്റെ മകളിൽ ഒരുപാട് അഭിമാനം തോന്നുന്നു ഇതെല്ലാം അവളുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണ്.
ആ അമ്മയുടെ സന്തോഷത്താൽ നിറഞ്ഞ നിറകണ്ണുകളിൽ അവരുടെ ജീവിതം കടന്നു പോയ കാലത്തെ വായിച്ചറിയാൻ കഴിയുന്നുണ്ട്.
രൂക്ഷമായ ജീവിത സാഹചര്യങ്ങളോട് ഏറ്റുമുട്ടിയാണ് ഗോമതി ഇപ്പോൾ ഒരു ജനതയുടെ അഭിമാനമായി തീർന്നത്. തമിഴ്നാട്ടിലെ ഒരു ഉൾപ്രദേശത്ത് നിന്ന് രാജ്യത്തിന്റെ അഭിമാനമായി തീർന്ന അവളുടെ നാൾവഴികൾ എത്രത്തോളം പ്രതിസന്ധികളെ മറികടന്നാണ് മുൻപോട്ടു പോയതെന്ന് നമുക്ക് മനസിലാക്കാൻ കഴിയും.
പലപ്പോഴും അവസരങ്ങളുടെ അഭാവത്തിൽ എത്തിച്ചേരേണ്ട ഇടങ്ങളിൽ എത്തിച്ചേരാൻ കഴിയാത്ത അനേകായിരം ഗോമതിമാർ നമുക്ക് ചുറ്റുമുണ്ട്, അവരങ്ങനെ ഉയർന്നു വരട്ടെ, അവർക്ക് ഉയർന്നു വരാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടട്ടെ…
അഭിനന്ദനങ്ങൾ ഗോമതി മാരിമുത്തു….❤️
വിഷ്ണു വിജയൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here