ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനം; ആർഎസ്എസ് – ബിജെപി നേതാക്കളുടെ സംയുക്ത യോഗം കൊച്ചിയിൽ ചേർന്നു

ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ആർഎസ്എസ് – ബി ജെ പി നേതാക്കളുടെ സംയുക്ത യോഗം കൊച്ചിയിൽ ചേർന്നു. വിവിധ സംഘപരിവാർ സംഘടനകളുടെ സംസ്ഥാന നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയ സാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനത്തിനായാണ് ബിജെപി- ആർ എസ് എസ് സംയുക്ത നേതൃയോഗം കൊച്ചിയിൽ ചേർന്നത്. ബിജെപിക്ക് അനുകൂലമായി സംസ്ഥാനത്ത് ഭുരിപക്ഷ ധ്രുവീകരണമുണ്ടായെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും മികച്ച മുന്നേറ്റം നടത്താനായെന്ന് യോഗം വിലയിരുത്തി. തിരുവനന്തപുരത്ത് സിറ്റി മണ്ഡലങ്ങളിൽ വലിയ മുന്നേറ്റം നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.
Read Also : നുണകൾ പ്രചരിപ്പിച്ച് പ്രധാനമന്ത്രി ആർഎസ്എസ് പ്രചാരകനാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ശബരിമല വിഷയം പോളിങ്ങിൽ കാര്യമായി പ്രതിഫലിച്ചിട്ടുണ്ടെന്നാണ് ആർഎസ്എസ് നേതൃത്വം കണക്ക് കൂട്ടുന്നത്. പോളിങ് ശതമാനത്തിലെ വർധനവിലും നേതൃത്വം പ്രതീക്ഷയർപ്പിക്കുന്നു. തെരഞ്ഞെടുപ്പിൽ വിശ്വാസികൾ അത്യാവേശത്തോടെ വോട്ട് ചെയ്തെന്ന് യോഗത്തിനെത്തിയ പത്തനംതിട്ടയിലെ എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രൻ പറഞ്ഞു. കുമ്മനം രാജശേഖരനും വിജയ പ്രതീക്ഷ പങ്കുവെച്ചു.
തൃശ്ശൂർ, പാലക്കാട്, ആറ്റിങ്ങൽ, കാസർഗോഡ് മണ്ഡലങ്ങളിലും മികച്ച പ്രവർത്തനം നടത്താനായെന്നാണ് പരിവാർ സംഘടനകളുടെ വിലയിരുത്തൽ. ബി ഡി ജെ എസ് മത്സരിച്ചയിടങ്ങളിടങ്ങളിൽ കാര്യമായ ചലനമുണ്ടാക്കാനായില്ല. കൊല്ലത്തെ വോട്ട് കച്ചവട വിവാദം നാണക്കേടുണ്ടാക്കിയെന്ന വിമർശനവും യോഗത്തിലുണ്ടായി. അതേ സമയം ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള യോഗത്തിൽ പങ്കെടുത്തില്ല. മുൻനിശ്ചയിച്ച മറ്റൊരു പരിപാടിയുള്ളതിനാലാന്ന് പങ്കെടുക്കാതിരുന്നതെന്നാണ് ശ്രീധരൻപിള്ളയുടെ വിശദീകരണം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here