തെരഞ്ഞെടുപ്പ് ജയസാധ്യത വിലയിരുത്താൻ സിപിഐഎം സെക്രട്ടേറിയറ്റ് ഇന്ന് ചേരും

തെരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താൻ സിപിഐഎം സെക്രട്ടേറിയറ്റ് ഇന്ന്. ബിജെപി വോട്ട് യുഡിഎഫിന് മറിച്ചെന്ന ആശങ്കകൾക്കിടെയാണ് യോഗം. പാർലമെന്റ് മണ്ഡലം കമ്മിറ്റികളുടെ റിപ്പോർട്ട് യോഗം ചർച്ച ചെയ്യും.
ഇടതു മുന്നണി വിജയ സാധ്യത കൽപ്പിച്ച 12 മണ്ഡലങ്ങളിലെങ്കിലും ബിജെപി വോട്ട് മറിച്ചെന്നാണ് സിപിഐഎമ്മിന്റെ ജില്ലാ ഘടകങ്ങളുടെ വിലയിരുത്തൽ. വടക്കൻ കേരളത്തിൽ കാസർഗോഡ്, കണ്ണൂർ,വടകര, കോഴിക്കോട് എന്നിവിടങ്ങളിൽ കോൺഗ്രസ്-ബിജെപി ധാരണ പ്രകടമായിരുന്നെന്ന് സിപിഐഎം ആരോപിക്കുന്നു. കാസർഗോഡ് നേരിയ ഭൂരിപക്ഷത്തിലെങ്കിലും ജയിക്കുമെന്നാണ് സിപിഐഎം പ്രതീക്ഷ. ആലത്തൂരിലും വൻതോതിൽ ബിജെപി വോട്ട് യുഡിഎഫിലേക്കു പോയി. എന്നാൽ പി കെ ബിജുവിന്റെ ജയസാധ്യതയിൽ സിപിഐഎമ്മിന് സംശയമില്ല.
തെക്കൻ കേരളത്തിൽ കൊല്ലത്തും ആലപ്പുഴയിലും മാവേലിക്കരയിലും ബിജെപി നിലപാട് യുഡിഎഫിന് സഹായകമാകുമെന്നാണ് പാർലമെന്റ് മണ്ഡലം കമ്മിറ്റികളുടെ റിപ്പോർട്ട്. കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി പ്രേമചന്ദ്രനുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ബിജെപി ദുർബല സ്ഥാനാർഥിയെ മത്സരിപ്പിച്ചതെന്നാണ് ആരോപണം. ചാലക്കുടി, എറണാകുളം, ഇടുക്കി മണ്ഡലങ്ങളിലും ബിജെപി വോട്ട് യുഡിഎഫിന് പോയെന്ന് മണ്ഡലം കമ്മിറ്റികൾ വിലയിരുത്തുന്നു. എന്നാൽ പ്രതികൂല ഘടകങ്ങൾ മറികടന്നു എട്ടിൽ കുറയാത്ത സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയും നേതാക്കളിൽ ഒരുവിഭാഗത്തിനുണ്ട്. അതേസമയം, തൃശൂരിൽ ഇടതുമുന്നണി വിജയ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത് സുരേഷ്ഗോപി പിടിക്കുന്ന വോട്ടുകളിലാണ് എന്നതും ശ്രദ്ധേയം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here