ഹൈവേയിൽ വലിയ കല്ലുകളിട്ട് അപകടമുണ്ടാക്കി കവർച്ച; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

രാത്രി ഹൈവേയിൽ വലിയ കല്ലുകൾ കൊണ്ടിട്ട് അപകടമുണ്ടാക്കുന്ന കവർച്ചാ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മധുരയിൽ കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തെപ്പറ്റിയുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാത്രി നേരത്തെ റോഡരികിൽ നിന്നും ഒരാൾ വലിയ കല്ല് റോഡിന് നടുവിൽ ഇടുന്നതും തൊട്ടു പിന്നാലെ ഒരു ബൈക്ക് ഈ കല്ലിൽ ഇടിച്ചു മറയുന്നതും സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്.
കല്ല് കൊണ്ടിട്ട് വഴിയരികിൽ മറഞ്ഞുനിന്നയാൾ അപകടമുണ്ടായതോടെ ഓടിയെത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വഴിയാത്രക്കാരെ അപകടത്തിൽപ്പെടുത്തി കവർച്ച നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് സംശയം. കഴിഞ്ഞ ദിവസം മധുരയിലെ തിരുനഗറിൽ മധ്യവയസ്‌കൻ ബൈക്കപകടത്തിൽ മരിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here