നരേന്ദ്ര മോദി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

വാരാണസി മണ്ഡലത്തിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ പതിനൊന്നരയ്ക്കാണ് പത്രികാസമർപ്പണം. ഒൻപതരയ്ക്ക് ബൂത്ത് തല നേതാക്കളെയും പാർട്ടി പ്രവർത്തകരെയും മോദി അഭിസംബോധന ചെയ്യും. തുടർന്ന് കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാകും മോദി പത്രിക സമർപ്പിക്കാൻ എത്തുക.
പത്രികാസമർപ്പണത്തിൽ എൻഡിഎയുടെ പ്രധാനനേതാക്കളായ പ്രകാശ് സിങ് ബാദൽ, ബിഹാർ മുഖ്യമന്ത്രി നീതിഷ് കുമാർ, ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ, രാംവിലാസ് പാസ്വാൻ തുടങ്ങിയവർ സംബന്ധിക്കും.
പത്രികാസമർപ്പണത്തിന് മുൻപായി വ്യാഴാഴ്ച മോദി വാരാണസിയിൽ പടുകൂറ്റൻ റോഡ് ഷോയാണ് നടത്തിയത്. വൈകിട്ട് മൂന്നിന് നിശ്ചയിച്ചിരുന്ന റോഡ് ഷോ രണ്ട് മണിക്കൂർ വൈകിയാണ് ആരംഭിക്കാനായത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള ബിജെപി നേതാക്കന്മാരും റോഡ് ഷോയിൽ പങ്കെടുത്തു. മെയ് 19 നാണ് വാരാണസിയിൽ വോട്ടെടുപ്പ് നടക്കുന്നത്.
2014ലെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി 3,71,784 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വാരാണസിയിൽ നിന്നും വിജയിച്ചത്. എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളായിരുന്നു അന്ന് പ്രധാന എതിരാളി. കോൺഗ്രസ് സ്ഥാനാർഥി അജയ് റായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here