കൊളംബോ സ്‌ഫോടനം; മുഖ്യ സൂത്രധാരൻ കൊല്ലപ്പെട്ടു

കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരൻ സഹ്‌റാൻ ഹാഷിം കൊല്ലപ്പെട്ടതായി വിവരം. ഷാൻഗ്രി ലാ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ ഹാഷിം മരിച്ചതായാണ് വിവരം. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന സംഭവം സ്ഥിരീകരിച്ചു. ഈസ്റ്റർ ദിനത്തിലായിരുന്നു ഷാൻഗ്രി ലാ ഹോട്ടലിൽ ഉൾപ്പെടെ എട്ടിടങ്ങളിൽ സ്‌ഫോടനം നടന്നത്.
ഹാഷിമിന് ഇന്ത്യയിലും അനുയായികൾ ഉള്ളതായി വാർത്തകൾ പുറത്തുവന്നിരുന്നു. കോയമ്പത്തൂർ ജയിലിലുള്ള ഐ എസ് കേസ് പ്രതികളിൽ നിന്നു ലഭിച്ച വിവരങ്ങൾ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ നാഷണൽ തൗഫിക് ജമാ അത്ത് തലവൻ പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് ഹാഷിം കെല്ലപ്പെട്ടെന്ന വാർത്ത പുറത്തുവരുന്നത്.
താൻ പരിശീലനം നൽകിയവരിൽ ശ്രീലങ്കയിൽ നിന്നുള്ള സഹറാൻ മുഹമ്മദമുണ്ടെന്നായിരുന്നു ഒരു ഐഎസ് പ്രവർത്തകൻ എൻഐഎയോട് വെളിപ്പെടുത്തിയത്. ഇതെ തുടർന്നാണ് എൻടിജെയ്ക്കു മേൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയത്.
അതിനിടെ കൊളംബോ സ്‌ഫോടന പരമ്പരയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറുപേരുടെ ചിത്രങ്ങൾ ശ്രീലങ്കൻ അധികൃതർ പുറത്തുവിട്ടു. മൂന്ന് സ്ത്രീകളുൾപ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവരെപ്പറ്റിയുള്ള വിവരങ്ങൾ അറിയാവുന്നവർ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 16 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. 76 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാദേശിക ഭീകര സംഘടനയായ നാഷണൽ തൗഫിക് ജമാ അത്തിന്റെ ഒമ്പത് ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്നാണ് ശ്രീലങ്കൻ അധികൃതർ പറയുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.
ഈസ്റ്റർ ദിനത്തിൽ എട്ടിടങ്ങളിൽ ഉണ്ടായ സ്ഫോടന പരമ്പരയിൽ 253 പേർ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ. അഞ്ഞൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here