ഉന്നത ജീവിത നിലവാരമുള്ളവർക്കും തെറ്റായ വിവരം നൽകിയവർക്കും ഇനി സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കില്ല; സാമൂഹ്യ ക്ഷേമ പട്ടിക പുനപരിശോധിക്കാനൊരുങ്ങി സർക്കാർ

ഉന്നത ജീവിത നിലവാരമുള്ളവർക്കും തെറ്റായ വിവരം നൽകിയവർക്കും ഇനി
സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കില്ല. സാമൂഹ്യ ക്ഷേമ പട്ടിക പുനപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു. പട്ടികയിൽ അനർഹരുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണിത്. റേഷൻ കാർഡിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാകും അനർഹരെ ഒഴിവാക്കുക. 43 ലക്ഷം പേർക്കാണ് നിലവിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നത്.
കേരളം ലോകത്തിനു കാട്ടിയ മാതൃകയാണ് സാമൂഹ്യ ക്ഷേമ പെൻഷൻ.
എന്നാൽ ഉന്നത ജീവിത നിലവാരം പുലർത്തുന്ന ഒട്ടേറെ പേർ പെൻഷൻ വാങ്ങുന്നെണ്ടെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് പട്ടിക പുനപരിശോധിക്കാനുള്ള സർക്കാർ തീരുമാനം. റേഷൻ കാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും പട്ടിക പുനപരിശോധിക്കുക. പെൻഷൻ വാങ്ങുന്നവരുടെ പട്ടിക ഭക്ഷ്യ വകുപ്പിന്റെ സേവന വെബ്‌സൈറ്റിൽ ഉൾപ്പെടുത്തും. അതിലൂടെ അനർഹരെ കണ്ടെത്താമെന്നാണ് നിഗമനം. . പെൻഷൻ മാനദണ്ഡങ്ങളും ഗുണഭോക്താവിന്റെ ജീവിത സാഹചര്യവും താരമത്യം ചെയ്ത് അനർഹരെ ഒഴിവാക്കും.
വിധവാ പെൻഷൻ പട്ടികയും പുനപരിശോധിക്കാൻ തീരുമാനമുണ്ട്. ഭർത്താവ് മരണപ്പെടുകയോ ഏഴു വർഷത്തിലധികമായി ഭർത്താവിനെ കാണാതാകുകയോ ചെയ്തവർക്കു മാത്രമേ വിധവയെന്ന പരിഗണന ലഭിക്കൂ. നിയമപരമായി വിവാഹ മോചനം നേടിയവരെ വിധവകളായി കണക്കാക്കില്ല. ഭർത്താവിൽ നിന്ന് അകന്നു കഴിയുന്നവർക്കും പെൻഷന് അർഹതയുണ്ടാകില്ല.
13 ലക്ഷത്തിൽപ്പരം പേരാണ് നിലവിൽ വിധവാ പെൻഷൻ വാങ്ങുന്നത്. പരിശോധനയ്ക്കു ശേഷവും അനർഹരുണ്ടെങ്കിൽ ആ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കുമെന്നും ധനവകുപ്പ് മുന്നറിയിപ്പു നൽകുന്നു.
സാമൂഹ്യ ക്ഷേമ പെൻഷന് സർക്കാർ പ്രതിവർഷം ചെലവിടുന്നത് 600 കോടി രൂപയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here