പശ്ചിമബംഗാളിൽ വോട്ടെടുപ്പിനിടെ വ്യാപക അക്രമം; കേന്ദ്രമന്ത്രിയുടെ കാർ തകർത്തു

നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിൽ പരക്കെ അക്രമം. അസൻസോൾ മണ്ഡലത്തിൽ പലയിടത്തും ബിജെപി-തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. മണ്ഡലത്തിലെ ഒരു പോളിങ് സ്‌റ്റേഷനു പുറത്തുവെച്ച് ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ കേന്ദ്രമന്ത്രി ബബുൽ സുപ്രിയോയുടെ കാർ അക്രമികൾ അടിച്ചു തകർത്തു. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൂടിയായ ബബുൽ സുപ്രിയോ പോളിങ്ങ് ബൂത്തുകൾ സന്ദർശിക്കുന്നതിനിടയിലാണ് അക്രമികൾ കാറിന്റെ ചില്ലുകൾ തകർത്തത്.
തുടർന്ന് കേന്ദ്രസേന എത്തുന്നതിന് മുമ്പായി തൃണമൂൽ പ്രവർത്തകർ വോട്ടിങ് നടപടി ക്രമങ്ങൾ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിജെപി പ്രവർത്തകർ ഇത് തടയുകയായിരുന്നു. മമതാ ബാനർജിക്ക് ജനാധിപത്യത്തെ പേടിയാണെന്നും പശ്ചിമബംഗാളിൽ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രസേന അനിവാര്യമാണെന്ന് ഇപ്പോൾ തെളിഞ്ഞതായും ബബുൽ സുപ്രിയോ മാധ്യമങ്ങളോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here