തൃക്കരിപ്പൂരിൽ കള്ള വോട്ട് നടന്നതായി ആരോപണം; പ്രിസൈഡിംഗ് ഓഫീസറുടേതടക്കം മൊഴി രേഖപ്പെടുത്തി

കാസർഗോഡ് ലോക് സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ 48 ാം നമ്പർ ബൂത്തിൽ ഒരു വ്യക്തി രണ്ട് തവണ വോട്ട് ചെയ്‌തെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു.
ബൂത്തിൽ വെബ് കാസ്റ്റിങ്ങ് നടത്തിയ അക്ഷയ സംരംഭകൻ ജിതേഷ്. കെ, പ്രിസൈഡിങ്ങ് ഓഫീസർ ബി.കെ. ജയന്തി, ഒന്നാം പോളിങ്ങ് ഓഫീസർ എം. ഉണ്ണികൃഷ്ണൻ, രണ്ടാം പോളിങ്ങ് ഓഫീസർ സി.ബി രത്‌നാവതി, മൂന്നാം പോളിങ് ഓഫീസർ പി. വിറ്റൽദാസ്,ചീമേനി വില്ലേജ് ഓഫീസറും സെക്റ്ററൽ ഓഫീസറുമായ എ.വി. സന്തോഷ് ബൂത്ത് ലെവൽ ഓഫീസർ ഭാസ്‌കരൻ ടി വി എന്നിവരുടെ മൊഴിയെടുത്തു.
രണ്ട് തവണ ബൂത്തിൽ പ്രവേശിച്ചതായി കാണുന്ന ചീമേനി കരക്കാട് സ്വദേശി കെ. ശ്യാംകുമാറിന് സി.ആർ.പി.സി 33 വകുപ്പനുസരിച്ച് ഇന്ന് (ഏപ്രിൽ 30) ഉച്ചയ്ക്ക് രണ്ട് മണിക്ക് വരണാധികാരിയായ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു മുമ്പാകെ ഹാജരായി വിശദീകരണം നൽകുന്നതിനും നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് ഹാജരാകാത്ത പക്ഷം അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും. മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here