സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സ്പെയിനില്‍ പുരോഗമിക്കുന്നു

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സ്പെയിനില്‍ പുരോഗമിക്കുന്നു. ഞായറാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷത്തിലെത്താനാവാത്തതാണ് സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്തിലാക്കിയത്. 123 സീറ്റുകള്‍ നേടിയ സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടിയെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
350 അംഗ പാർലമെന്‍റിൽ സർക്കാർ രൂപീകരിക്കാൻ 176 സീറ്റിന്‍റെ ഭൂരിപക്ഷം വേണം. 123 സീറ്റുള്ള പ്രധാനമന്ത്രി പെട്രോ സാഞ്ചസ് നേതൃത്വം നല്‍കുന്ന സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 42 സീറ്റുള്ള ഇടതു പാര്‍ട്ടി യുനിഡാസ് പൊഡെമോസിന്‍റെ പിന്തുണ സാഞ്ചിസിന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പെട്രോ സാഞ്ചസിന് നിരുപാധിക പിന്തുണ നല്‍കാന്‍ ഇത്തവണ തയ്യാറാല്ലെന്നാണ് പൊഡെമോസ് ജനറൽ സെക്രട്ടറി പാബ്ലോ ഇഗ്ലേസിയാസിന്‍റെ പ്രഖ്യാപനം. തങ്ങള്‍ക്ക് പ്രതിപക്ഷത്തിരിക്കാനാണ് കൂടുതല്‍ താല്‍പര്യമെന്ന് 57 സീറ്റുകളുള്ള സിറ്റിസണ്‍സ് നേതാവ് ആൽബേർട്ട് റിവേറ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൊഡെമോസിനൊപ്പം ഏതാനും പ്രാദേശിക പാർട്ടികളുടെ കൂടി പിന്തുണയോടെ പെട്രോ സാഞ്ചസ് തന്നെ പുതിയ സര്‍ക്കരുണ്ടാക്കുമെന്നാണ് പൊതു വിലയിരുത്തല്‍.
2018 മേയിൽ അവിശ്വാസപ്രമേയത്തിലൂടെ ഭരണത്തിൽനിന്ന‌് പുറത്താക്കപ്പെട്ട കൺസർവേറ്റിവ‌് പോപ്പുലർ പാർട്ടി തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടു. കഴിഞ്ഞ പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ 137 സീറ്റു നേടിയ പോപ്പുലർ പാർട്ടിക്ക‌് ഇത്തവണ ലഭിച്ചത് 66 സീറ്റുകള്‍ മാത്രമാണ‌്. എന്നാല്‍ കഴിഞ്ഞ സഭയില്‍ ഒരു സീറ്റ് പോലും ഇല്ലാതിരുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായ വോക്സ് 24 സീറ്റുകള്‍ നേടി വന്‍ അട്ടിമറി വിജയം കൈവരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here