‘യുഡിഎഫ് തന്ത്രത്തിന്റെ ഭാഗമെന്ന കോടിയേരിയുടെ പ്രസ്താവന വേദനാജനകം’ : കോടിയേരിക്ക് മറുപടിയുമായി ടീക്കാറാം മീണ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേര ബാലകൃഷ്ണൻ നടത്തിയ ആരോപണത്തിന് മറുപടിയുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. നിഷ്പക്ഷവും, സ്വതന്ത്രവും നീതിപൂർവമായ അഭിപ്രായമാണ് താൻ പറഞ്ഞത്. യുഡിഎഫ് തന്ത്രത്തിന്റെ ഭാഗമെന്ന കോടിയേരിയുടെ പ്രസ്താവന വേദനാജനകമാണ്. ജീവിതത്തിൽ അങ്ങനെ പ്രവർത്തിച്ചിട്ടില്ലെന്നും അങ്ങനെ പ്രവർത്തിക്കുകയില്ലെന്നും മീണ പറഞ്ഞു.ഭരണഘടനയുടെ അന്തസത്ത കാത്ത് സൂക്ഷിക്കാൻ ബാധ്യസ്ഥനാണെന്നും അതിൽ രാഷ്ട്രീയം കാണുന്നത് വേദനാജനകമാണെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു.
യുഡിഎഫ് തന്ത്രത്തിന്റെ ഭാഗമായുള്ള തിരക്കഥയ്‌ക്കൊപ്പം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രവർത്തിക്കുകയാണെന്നായിരുന്നു കോടിയേരിയുടെ ആരോപണം. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് സീറ്റുകൾ വർധിക്കുമെന്ന് ഉറപ്പായപ്പോഴാണ് യുഡിഎഫ് കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ഈ പ്രചരണത്തിൽ പങ്കു ചേർന്നു എന്നുള്ളത് ഗൗരവകരമായ കാര്യമാണെന്നും കോടിയേരി ആരോപിച്ചു.
സ്വാഭാവിക നീതി നിഷേധിച്ച് മൂന്ന് സ്ത്രീകളെ കുറ്റക്കാരാക്കുകയാണ് അദ്ദേഹം ചെയ്തത്.ആരോപണം തെറ്റാണെന്ന് കണ്ടെത്തിയാൽ പഞ്ചായത്ത് അംഗത്വം തിരികെ നൽകാനാകുമോയെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.ടിക്കാറാം മീണയുടെ നടപടികൾക്കെതിരെ സിപിഎം നിയമപരമായി മുന്നോട്ട് പോകും.ആരോപണ വിധേയരിൽനിന്ന് വിശദീകരണം പോലും തേടിയില്ല.മാധ്യമ വിചാരണയ്ക്ക് അനുസരിച്ചല്ല തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രവർത്തിക്കേണ്ടത്.വെബ് കാസ്റ്റിങ് ദൃശ്യങ്ങൾ രഹസ്യം കിട്ടിയെന്ന പേരിൽ പ്രചരിപ്പിക്കുന്നത് ശരിയല്ല.തെറ്റ് തിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തയാറാകണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here