നമോ ടിവിയിൽ അക്ഷയ് കുമാറിന്റെ രണ്ട് സിനിമകൾ സംപ്രേഷണം ചെയ്യാൻ അനുമതി തേടി ബിജെപി

നമോ ടിവിയിൽ നടൻ അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രണ്ടു ചിത്രങ്ങൾ സംപ്രേഷണം ചെയ്യാൻ അനുമതി തേടി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പാഡ്മാൻ, ടോയിലറ്റ്-ഏക് പ്രേം കഥ എന്നീ ചിത്രങ്ങളുടെ പ്രദർശനത്തിനാണ് ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഡൽഹി തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറി. സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രത്തിന് വീണ്ടും അനുമതി ആവശ്യമുണ്ടോ എന്നതിൽ വ്യക്തത തേടിയാണ് അപേക്ഷ കൈമാറിയത്.
മുൻകൂർ അനുമതി തേടിയശേഷമേ നമോ ടിവിയിൽ പരിപാടികൾ പ്രദർശിപ്പിക്കാവൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ മാസം നിർദേശിച്ചിരുന്നു. ഇതുവരെ പരസ്യ വിഭാഗത്തിൽ ബിജെപി 308 അപേക്ഷകളാണ് തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. കോണ്ഗ്രസ് 120 അപേക്ഷകളും എഎപി 23 അപേക്ഷകളും സമർപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here