Advertisement

തൃക്കരിപ്പൂർ കള്ളവോട്ട്; കളക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് നടപടിയെടുത്തേക്കും

May 2, 2019
1 minute Read

തൃക്കരിപ്പൂരിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ കാസർഗോഡ് കളക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നടപടി ഇന്നുണ്ടായേക്കും. കല്യാശേരിയിൽ മുസ്ലിം ലീഗിനെതിരായ കള്ള വോട്ട് ആരോപണത്തിൽ കണ്ണൂർ, കാസർകോട് ജില്ലാ കളക്ടർമാർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയ്ക്ക് റിപ്പോർട്ട് കൈമാറും. കള്ളവോട്ട് സംബന്ധിച്ച മാധ്യമ വാർത്ത ശ്രദ്ധയിൽ പെട്ടാൽ അന്വേഷിക്കണമെന്ന നിർദ്ദേശമുള്ളതിനാൽ തളിപ്പറമ്പിൽ യുഡിഎഫ് പ്രവർത്തകർ കള്ള വോട്ട് ചെയ്തതിനെ കുറിച്ച് കണ്ണൂർ കളക്ടർ അന്വേഷണം നടത്തും.

കാസർഗോഡ് തൃക്കരിപ്പൂരിൽ 48-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തെന്ന പരാതിയിലാണ് ജില്ലാ കലക്ടർ ഡി.സജിത് ബാബു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. രണ്ട് തവണ ബൂത്തിൽ കയറുന്നതായി ദൃശ്യങ്ങളിൽ കണ്ട ചീമേനി സ്വദേശി കെ.ശ്യാം കുമാറിനെ ചോദ്യ ചെയ്ത ശേഷമാണ് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. ആദ്യം ബൂത്തിൽ കയറിയപ്പോൾ ബിഎൽഒ സ്ലിപ്പ് മാത്രമാണ് ഉണ്ടായിരുന്നതെന്നും പ്രിസൈഡിംഗ് ഓഫിസറുടെ നിർദേശ പ്രകാരം തിരിച്ചറിയൽ രേഖ എടുത്തു കൊണ്ടാണ് രണ്ടാമത് കയറിയതെന്നുമാണ്ശ്യാംകുമാറിന്റെ മൊഴി. ഈ റിപ്പോർട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഇന്ന് പരിശോധിക്കും. കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചാൽ മേൽ നടപടിക്ക് ശുപാർശ ചെയ്യും.

കല്യാശേരി മാടായി പഞ്ചായത്തിലെ 69,70 ആം നമ്പർ ബൂത്തുകളിൽ 2 മുസ്ലീം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തതായി കാസർഗോഡ് കളക്ടർ സ്ഥിരീകരിച്ചിരുന്നു. 69-ാം നമ്പർ ബൂത്തിലെ വോട്ടർമാരായ മുഹമ്മദ് ഫായിസും, ആഷിഖും രണ്ടു തവണ വോട്ട് ചെയ്തെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതിനെ തുടർന്ന് ഇവരോട് ഇന്ന് നേരിട്ട് ഹാജരാകാൻ കളക്ടർ നിർദേശിച്ചിട്ടുണ്ട്.ഇവർ ഹാജരായി മൊഴി രേഖപ്പെടുത്തിയാൽ റിപ്പോർട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് കൈമാറും.

കള്ളവോട്ട് സംബന്ധിച്ച മാധ്യമ വാർത്ത ശ്രദ്ധയിൽ പെട്ടാൽ അതേ പറ്റി അന്വേഷിക്കണം എന്ന ടീക്കാറാം മീണയുടെ നിർദ്ദേശമുള്ളതിനാൽ തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിൽ യുഡിഎഫ് പ്രവർത്തകർ കള്ള വോട്ട് ചെയ്യുന്നതായി പുറത്ത് വന്ന ദൃശ്യങ്ങളെ പറ്റിയും കണ്ണൂർ കളക്ടർ അന്വേഷിക്കും.പ്രാഥമിക അന്വേഷണം പൂർത്തിയായാൽ മാത്രമെ റിപോർട്ട് സമർപ്പിക്കുകയുള്ളു.

പൊലീസുകാരുടെ തപാൽ വോട്ടുകൾ അസോസിയേഷൻ കൈവശപ്പെടുത്തി കള്ളവോട്ടിന് ശ്രമിക്കുന്നുവെന്ന പരാതിയിൽ, റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇന്റലിജൻസ് എഡിജിപിയെയാണ് സംസ്ഥാന പോലീസ് മേധാവി ഇതിന് ചുമതലപ്പെടുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top