‘രാജ്യത്തെ കാവൽക്കാരൻ കള്ളൻ തന്നെ’; നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തെ കാവൽക്കാരൻ കള്ളൻ തന്നെയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തന്റെ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു. മാപ്പ് പറഞ്ഞത് സുപ്രീംകോടതിയെ ഉദ്ധരിച്ചതിനല്ല. ക്ഷമാപണം സുപ്രീംകോടതിയോടായിരുന്നുവെന്നും ബിജെപിയോടല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന് തൊഴിലില്ലായ്മയാണ്. ജനവിധി നിശ്ചയിക്കുന്നത് തൊഴിലില്ലായ്മയായിരിക്കും. ഒരു വർഷത്തിനുള്ളിൽ കോൺഗ്രസ് രാജ്യത്ത് 22 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. പ്രധാനമന്ത്രി തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കാൻ തയ്യാറാകണം. മോദിക്ക് രാജ്യത്തെക്കുറിച്ച് പദ്ധതികളില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കാറാകുമ്പോൾ ബിജെപി പരാജയം മണത്തു തുടങ്ങി. തെരഞ്ഞെടുപ്പിൽ ബിജെപി കാത്തിരിക്കുന്നത് വൻ പരാജയമാണ്. തെരഞ്ഞെടുപ്പോടെ മോദി പുറത്തു പോകുമെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യൻ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല. രാജ്യത്തിന്റെ സ്വത്താണ്. ദേശ സുരക്ഷ സേനയുടെ പണിയാണ്. കഴിഞ്ഞ എഴുപതു വർഷമായി സേന അത് നന്നായി ചെയ്യുന്നു. എല്ലാ യുദ്ധങ്ങളിലും വിജയിച്ചിട്ടുണ്ട്. മോദി എന്തിനാണ് രാജ്യസുരക്ഷയെ പറ്റി മാത്രം പറഞ്ഞു കൊണ്ടിരിക്കുന്നത്? സൈന്യത്തെ കോൺഗ്രസ് രാഷ്ട്രീയവത്ക്കരിക്കില്ല. കോൺഗ്രസിന്റെ കാലത്ത് ഇന്ത്യൻ സൈന്യം വീഡിയോ ഗെയിം കളിക്കുകയായിരുന്നു എന്നാണ് മോദി പറഞ്ഞത്. പ്രധാനമന്ത്രി സൈന്യത്തെ അപമാനിക്കുകയാണ് ചെയ്തത്. യുപിഎ കാലത്ത് ആറ് സർജിക്കൽ സ്‌ട്രൈക്കുകൾ നടന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
നോട്ട് നിരോധനം കൊണ്ട് ഇന്ത്യൻ സമ്പത് വ്യവസ്ഥയെ മോദി തകർത്തു. ന്യായ് പദ്ധതി കൊണ്ട് കോൺഗ്രസ് സമ്പത് വ്യവസ്ഥയെ പുനരുജീവിപ്പിക്കും. തൊഴിലില്ലായ്മ, കർഷകർ, സ്ത്രീ സുരക്ഷ, അഴിമതി എന്നിവയെപ്പറ്റി മോദി മിണ്ടുന്നില്ല. ജനങ്ങളുടെ ചോദ്യങ്ങൾക്ക് മോദിക്ക് മറുപടിയില്ല. ഈ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും തരത്തിലുള്ള പ്രചാരണം ബിജെപി നടത്തുന്നുവെന്ന് തോന്നിയിട്ടില്ല. മോദി ആദ്യം ദേശസുരക്ഷയെ പറ്റി സംസാരിച്ചു. അത് ജനങ്ങൾ തള്ളി കളഞ്ഞപ്പോൾ വികസനത്തേ പറ്റി പറയാൻ തുടങ്ങിയെന്നും രാഹുൽ പറഞ്ഞു.
തെരഞ്ഞെടുപ്പു കമ്മീഷൻ പ്രതിപക്ഷത്തിന്റെ കാര്യത്തിൽ ഇരട്ടതാപ്പാണ് കാണിക്കുന്നത്. മോദി എല്ലാ ഭരണഘടന സ്ഥാപനങ്ങളേയും തകർക്കുകയാണ് ചെയ്യുന്നത്. ഇതുവരെ തെരഞ്ഞെടുപ്പു നടന്ന സ്ഥലങ്ങളിൽ മികച്ച പ്രകടനമാണ് കോൺഗ്രസ് നടത്തിയത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ആരാണ് എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു.
മസൂദ് അസർ വിഷയത്തിലും രാഹുൽ പ്രതികരിച്ചു. ആരാണ് മസൂദ് അസറിനെ ഇന്ത്യൻ ജയിലിൽ നിന്ന് പാക്കിസ്ഥാനിലേക്ക് വിട്ടതെന്ന് രാഹുൽ ചോദിച്ചു കോൺഗ്രസ് നേരത്തെയും അങ്ങനെ ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here