റഫാൽ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

റഫാൽ പുനഃപ്പരിശോധന ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിഷയത്തിൽ സുപ്രീം കോടതിക്ക് മുന്നിൽ ഹാജരാക്കിയത് മോഷ്ടിക്കപ്പെട്ട ഫയൽ കുറിപ്പുകളാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയത് ഇടപെടൽ അല്ല നിരീക്ഷണം ആണെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സത്യവാങ്മൂലത്തിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേസിൽ വാദം കേൾക്കേണ്ടതുണ്ടോയെന്ന കാര്യത്തിൽ സുപ്രീം കോടതി ഇന്നെടുക്കുന്ന തീരുമാനം കേന്ദ്രസർക്കാരിന് നിർണായകമാണ്.
റഫാൽ ഇടപാടിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ഉത്തരവ് പുനഃപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗും നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുക.
Read Also : റഫാൽ ഇടപാട്; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേന്ദ്രസർക്കാരിന്റെ പുതിയ സത്യവാങ്മൂലം
ഇതോടൊപ്പം സുപ്രീം കോടതിയ്ക്ക് മുന്നിൽ ഹാജരാക്കപ്പെട്ട രേഖകൾ എതെങ്കിലും ക്രമക്കേടുകൾ സൂചിപ്പിക്കുന്ന തെളിവുകളല്ലെന്നും ഹർജി സമർപ്പിച്ചവർ ഹാജരാക്കിയത് മോഷ്ടിക്കപ്പെട്ട ഫയൽ കുറിപ്പുകളാണെന്നുമുള്ള കേന്ദ്ര സർക്കാരിന്റഎ വാദവും കോടതി പരിഗണിക്കും. കേസിൽ ഡിസംബറിൽ നടത്തിയ നിഗമനം പുന:പരിശോധിക്കരുതെന്നും കേന്ദ്രസർക്കാർ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റഫാൽ യുദ്ധ വിമാന ഇടപാടിന്റെ പുരോഗതി പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കുക മാത്രമാണ് ചെയ്തത്. ഇത് സമാന്തര ചർച്ച അല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ബാധ്യതയും കടമയുമാണെന്നും കഴിഞ്ഞ ദിവസവും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിരുന്നു. റഫാൽ ഇടപാടുമായാ ബന്ധപ്പെട്ട് കോടതിയെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ഹർജിയും മുപ്പത്തിയാറ് റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ച നടപടിക്രമങ്ങളിൽ ദുരൂഹതയുണ്ടെന്ന് കാട്ടി നൽകിയ ഹർജിയും ഡിസംബറിൽ പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ വിധി പ്രസ്താവത്തിലെ പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജിയും ഇന്ന് സുപ്രീം കോടതിയുടെ പരിഗണനക്ക് വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here