ഹർമൻപ്രീതിന്റെ വെടിക്കെട്ട് പാഴായി; ട്രെയിൽബ്ലേസേഴ്സിന് ത്രസിപ്പിക്കുന്ന ജയം

വനിതാ ടി-20 ചലഞ്ചിലെ ആദ്യ മത്സരത്തിൽ ഹർമൻപ്രീത് കൗർ നയിച്ച സൂപ്പർ നോവാസിനെതിരെ സ്മൃതി മന്ദന നയിച്ച ട്രെയിൽബ്ലേസേഴ്സിന് ത്രസിപ്പിക്കുന്ന ജയം. രണ്ട് റൺസിനായിരുന്നു ട്രെയിൽബ്ലേഴ്സ് ജയം കുറിച്ചത്. 141 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൂപ്പർ നോവാസിന് 6 വിക്കറ്റ് നഷ്ടത്തിൽ 138 എടുക്കാനേ സാധിച്ചുള്ളൂ. 11 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത സോഫി എക്സൽട്ടണാണ് ട്രെയിൽബ്ലേസേഴിൻ്റെ വിജയ ശില്പി. ആദ്യ ഇന്നിംഗ്സിൽ ട്രെയിൽബ്ലേസേഴ്സിനു വേണ്ടി 90 റൺസെടുത്ത സ്മൃതിയാണ് കളിയിലെ താരം.
ട്രെയിൽബ്ലേഴ്സിന് ആദ്യ വിക്കറ്റ് നഷ്ടമായ അതേ പന്തിൽ സൂപ്പർ നോവാസിനും ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്ണെടുത്ത പ്രിയ പുനിയയെ സോഫി എക്സൽട്ടൻ വിക്കറ്റ് കീപ്പർ രവി കല്പനയുടെ കൈകളിലെത്തിക്കുകയായിരുന്നു. ശേഷം ക്രീസിലെത്തിയ ജമീമ റോഡ്രിഗസും ചമരി അട്ടപ്പട്ടുവും ചേർന്ന് മികച്ച രീതിയിൽ സ്കോർ ബോർഡ് ചലിപ്പിച്ചു. ആദ്യ പവർപ്ലേയിൽ 42 റൺസ് കൂട്ടിച്ചേർത്ത ഇരുവരും 48 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു വേർപിരിഞ്ഞത്. ഇരു ബാറ്റർമാർക്കുമിടയിലെ അപകടകാരി ജമീമ 8ആം ഓവറിൽ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. ഓവറിലെ അവസാന പന്തിൽ ദൗർഭാഗ്യകരമായി റണ്ണൗട്ടാകുമ്പോൾ 19 പന്തുകളിൽ 24 റൺസായിരുന്നു ജമീമയുടെ സമ്പാദ്യം. ഷകീറ സൽമാൻ എറിഞ്ഞ ആ ഓവറിൽ തന്നെ ഓപ്പണർ ചമരി അട്ടപ്പട്ടുവിനെ രണ്ടു വട്ടം ഫീൽഡർമാർ നിലത്തിട്ടുവെങ്കിലും അവസാന പന്തിൽ നേരിട്ടുള്ള ഏറിലൂടെ ഷക്കീറ തന്നെ ജമീമയെ പുറത്താക്കുകയായിരുന്നു.
11ആം ഓവറിൽ ടൈമിംഗ് കണ്ടെത്താൻ വിഷമിച്ച അട്ടപ്പട്ടുവും മടങ്ങി. രാജേശ്വരി ഗെയ്ക്ക്വാദിൻ്റെ പന്തിൽ ഹർലീൻ ഡിയോൾ പിടിച്ച് പുറത്താകുമ്പോൾ 26 റൺസായിരുന്നു അട്ടപ്പട്ടുവിൻ്റെ സ്കോർ. 13ആം ഓവറിൽ കൂറ്റനടിക്കാരിയായ നതാലി സിവറും പുറത്ത്. സ്ക്വയർ ലെഗിൽ സോഫി എക്സൽട്ടണിൻ്റെ ഒരു മികച്ച ക്യാച്ചിലൂടെയാണ് ഒരു റൺ മാത്രമെടുത്ത സിവർ പുറത്തായത്. രാജേശ്വരിക്ക് തന്നെയായിരുന്നു ആ വിക്കറ്റും.
ശേഷം ക്രീസിൽ ഒത്തു ചേർന്ന ഹർമൻപ്രീത് കൗറും സോഫി ഡിവൈനും മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ സൂപ്പർനോവാസ് മത്സരത്തിലേക്ക് തിരികെ വന്നു. സോഫി ഡിവൈനായിരുന്നു കൂടുതൽ അപകടകാരി. രണ്ട് ഓവറിൽ 21 റൺസ് ആവശ്യമായിക്കെ 19ആം ഓവർ എറിഞ്ഞ എക്സൽട്ടൺ രണ്ട് റൺസ് മാത്രം വഴങ്ങി സോഫി ഡിവൈനെ വിക്കറ്റിനു മുന്നിൽ കുരുക്കിയതോടെ അവസാന ഓവറിൽ വിജയലക്ഷ്യം 19 റൺസ്.
ജുലൻ ഗോസ്വാമി എറിഞ്ഞ അവസാന ഓവറിൽ ബൗണ്ടറിയടിച്ച് തുടങ്ങിയ ഹർമൻ 5 പന്തുകളിൽ 4 ബൗണ്ടറികൾ കണ്ടെത്തി അവസാന പന്തിൽ ജയിക്കാൻ 3 റൺസ് എന്ന അവസ്ഥയിലെത്തിച്ചു. എന്നാൽ അവസാന പന്തിൽ ഹർമനു പിഴച്ചു. ഒരു ബൈ റണ്ണിനായി ഓടിയ തഹുഹുവിനെ കീപ്പർ രവി കല്പന റണ്ണൗട്ടാക്കിയതോടെ ട്രെയിൽബ്ലേസേഴ്സ് ആവേശ ജയം സ്വന്തമാക്കുകയായിരുന്നു.
നേരത്തെ 90 റൺസ് നേടിയ സ്മൃതി മന്ദനയുടെ ഉജ്ജ്വല ഇന്നിംഗ്സാണ് ട്രെയിൽബ്ലേസേഴ്സിന് കരുത്തായത്. 36 റൺസെടുത്ത ഹർലീൻ ഡിയോളിൻ്റെ ട്രെയിൽബ്ലേസേഴ്സിൻ്റെ ടോട്ടലിൽ നിർണ്ണായകമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here