യൂണിവേഴ്‌സിറ്റി കോളെജിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; വിസിയോട് റിപ്പോർട്ട് തേടി ഗവർണർ

യൂണിവേഴ്‌സിറ്റി കോളെജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യക്ക്ശ്രമിച്ച ഗവർണർ ജസ്റ്റിസ് പി സദാശിവം റിപ്പോർട്ട് തേടി. കേരള സർവകലാശാലയുടെ ചാൻസലറായ ഗവർണർ വൈസ് ചാൻസലർ വി പി മഹാദേവൻ പിള്ളയോടാണ് റിപ്പോർട്ട് തേടിയത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന സ്ഥിതിവിവരറിപ്പോർട്ട് നൽകണമെന്നാണ് വൈസ് ചാൻസലറോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയോട് ഗവർണർ നിർദേശിച്ചതായി കെഎസ്.യു നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പരാതി നൽകാതിരിക്കാൻ ആറ്റിങ്ങൽ എംഎൽഎ സത്യൻ പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും കെഎസ്‌യു ആരോപിച്ചു. പെൺകുട്ടിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നേതാക്കൾ ഗവർണറെ കണ്ടശേഷം മാധ്യമങ്ങളെ കണ്ടാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് യൂണിവേഴ്‌സിറ്റി കോളെജിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. യൂണിയൻ പരിപാടികളും സമരങ്ങളും കാരണം പഠന ദിവസങ്ങൾ നഷ്ടപ്പെടുന്നുവെന്ന പരാതി സമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടി മുമ്പ് ഉന്നയിച്ചിരുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്എഫ്‌ഐക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പരാതിയില്ലെന്ന് പെൺകുട്ടിയും കുടുംബവും അറിയിച്ചതിനെത്തുടർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. അതേസമയം, വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ റിപ്പോർട്ട് തേടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here