പ്രമുഖ നിയമപണ്ഡിതൻ ഡോ. എൻ.ആർ. മാധവമേനോൻ അന്തരിച്ചു

പ്രമുഖ നിയമപണ്ഡിതൻ ഡോ. എൻ.ആർ. മാധവമേനോൻ (84) അന്തരിച്ചു. രാത്രി പന്ത്രണ്ടരയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യ രമാദേവിയും മകൻ രമേശും സമീപത്തുണ്ടായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശാന്തികവാടത്തിൽ.
ബെംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയക്ടറായ മാധവമേനോൻ കൊൽക്കത്തയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസിന്റെ വൈസ് ചാൻസലറായും ഭോപ്പാലിലെ നാഷനൽ ജുഡീഷ്യൽ അക്കാദമിയുടെ ആദ്യ ഡയറക്ടറായും പ്രവർത്തിച്ചു. നിയമരംഗത്തിനു നൽകിയ സംഭാവനകളെ മാനിച്ചു 2003– ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
തിരുവനന്തപുരം വഞ്ചിയൂർ മാധവത്ത് വിലാസം തോപ്പിൽ വീട്ടിൽ രാമകൃഷ്ണ മേനോന്റെയും ഭവാനിയമ്മയുടെയും മകനാണ്. തിരുവനന്തപുരം ലോ കോളജിൽ നിന്നും ബിരുദം നേടിയ ശേഷം അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എൽഎൽഎമ്മും തുടർന്നു പിഎച്ച്ഡിയും നേടി. നിയമവുമായി ബന്ധപ്പെട്ട് ഒട്ടേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here