കെഎസ്ആർടിസി എംപാനൽ ഡ്രൈവർമാരെ മൂന്ന് മാസത്തിനകം പിരിച്ചുവിടണമെന്ന് സുപ്രീംകോടതി

കെഎസ്ആർടിസി എംപാനൽ ഡ്രൈവർമാരെ മൂന്ന് മാസത്തിനകം പിരിച്ചു വിടണമെന്ന് സുപ്രീംകോടതി. കെഎസ്ആർടിസിയുടെ ഷെഡ്യൂളുകൾ തടസ്സപ്പെടാതിരിക്കാൻ താൽകാലികമായി എംപാനൽ ഡ്രൈവർമ്മാരെ മൂന്ന് മാസം വരെ തുടരാൻ അനുവദിക്കാം. ഡ്രൈവർമ്മാരെ പിരിച്ച് വിടണമെന്ന ഹൈക്കോടതി ഉത്തരവിൽ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഏപ്രിൽ മുപ്പതിനകം 1565 കെഎസ്ആർടിസി എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടണമെന്ന ഉത്തരവ് നടപ്പിലാക്കാൻ കഴിയില്ലെന്ന് കാട്ടിയാണ് കെഎസ്ആർടിസി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി ഉത്തരവിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കുകയായിരുന്നു. കെഎസ്ആർടിസിയുടെ ട്രിപ്പുകൾ മുടങ്ങുന്ന സാഹചര്യമൊഴിവാക്കാൻ മൂന്ന് മാസം വരെ എംപാനൽ ജീവനക്കാരെ തുടരാൻ അനുവദിക്കാം. അതിനിടയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ചുരക്കത്തിൽ ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ മൂന്ന് മാസത്തെ അധിക സമയം സർക്കാരിന് കിട്ടിയെന്നത് മാത്രമാണ് ഹർജി നൽകിയത് കൊണ്ടുള്ള ഗുണം.
സ്ഥിരം ജീവനക്കാരയല്ല എംപാനൽ ഡ്രൈവർമാരെ ജോലിക്കെടുത്തിരിക്കുന്നതെന്നും താൽക്കാലിക നിയമനത്തിന് കെഎസ്ആർടിസിക്ക് അധികാരമുണ്ട് എന്നുമാണ് കെഎസ്ആർടിസിയുടെ വാദിച്ചിരുന്നത്. കെഎസ്ആർടിസിയിൽ നിലവിലുള്ള എംപാനൽഡ് ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന് ഈ മാസം 9 നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. റിസർവ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്താത്തതിനെതിരേ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നൽകിയ അപ്പീലുകളിലായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here