Advertisement

7 പന്തുകളിൽ 5 വിക്കറ്റ്; വിറച്ചു ജയിച്ച് വെലോസിറ്റി

May 8, 2019
1 minute Read

വനിതാ ടി-20 ചലഞ്ചിലെ രണ്ടാം മത്സരത്തിൽ ട്രെയിൽബ്ലേസേഴ്സിനെതിരെ വെലോസിറ്റിക്ക് ജയം. രണ്ട് ഓവറുകൾ ബാക്കി നിൽക്കെ 3 വിക്കറ്റിനാണ് വെലോസിറ്റി ആദ്യ ജയം കുറിച്ചത്. ജയിക്കാൻ രണ്ട് റൺസ് മാത്രം വേണ്ടപ്പോൾ ഏഴ് പന്തുകളിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട വെലോസിറ്റി അവിശ്വസനീയമായ ഒരു പരാജയം മുന്നിൽ കണ്ടെങ്കിലും ജയത്തിലേക്കെത്തുകയായിരുന്നു. വെലോസിറ്റിക്ക് വേണ്ടി 46 റൺസെടുത്ത ഡാനിയൽ വ്യാട്ട് ആണ് മികച്ച പ്രകടനം നടത്തിയത്. 34 റൺസെടുത്ത ഷഫലി വർമ്മയും മികച്ച രീതിയിൽ ബാറ്റ് ചെയ്തു.

113 വിജയലക്ഷ്യവുമായി ഇറങ്ങിയ വെലോസിറ്റിക്ക് ഇന്നിംഗ്സിലെ അഞ്ചാം ഓവറിൽ അഞ്ച് റൺസ് മാത്രമെടുത്ത ഹെയ്ലി മാത്യൂസിനെ നഷ്ടമായി. തുടർന്ന് ക്രീസിലൊത്തു ചേർന്ന ഷഫലിയും വ്യാട്ടും ബൗളർമാർക്ക് ഒരു പഴുതും നൽകാതെ മുന്നേറി. രണ്ടാം വിക്കറ്റിൽ 38 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ഇരുവരും ജയത്തിന് രണ്ട് റൺസകലെ വെച്ചാണ് വേർപിരിഞ്ഞത്. 34 റൺസെടുത്ത ഷഫലി പുറത്തായതിനു പിന്നാലെ സ്കോറിംഗ് ചുമതല ഏറ്റെടുത്ത വ്യാട്ട് ക്യാപ്റ്റൻ മിഥാലിയെ സാക്ഷിയാക്കി കത്തിക്കയറി. മിഥാലിയോടൊപ്പം 48 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ വ്യാട്ട് 17ആം ഓവറിലെ അവസാന പന്തിൽ പുറത്തായതോടെയാണ് തകർച്ച തുടങ്ങിയത്. 35 പന്തുകളിൽ 46 റൺസെടുത്ത വ്യാട്ട് പുറത്തായതിനു പിന്നാലെ അടുത്ത പന്തിൽ വേദ കൃഷ്ണമൂർത്തി റണ്ണൗട്ട്.

മൂന്ന് ഓവറുകൾ ബാക്കി നിൽക്കെ രണ്ട് റൺസ് മാത്രമായിരുന്നു വെലോസിറ്റിയുടെ ലക്ഷ്യം. എന്നാൽ ദീപ്തി ശർമ്മ എറിഞ്ഞ 18ആം ഓവറിലെ ആദ്യ പന്തിൽ മിഥാലിയും മൂന്നാം പന്തിൽ ശിഖ പാണ്ഡേയും അഞ്ചാം പന്തിൽ അമേലിയ കെറും പുറത്തായി. അവിശ്വസനീയമായ ഒരു തോൽവിയുടെ ഞെട്ടൽ വെലോസിറ്റിയെ പൊതിയാൻ തുറ്റങ്ങിയെങ്കിലും ഓവറിലെ അവസാന പന്തിൽ ഡബിളോടിയ ശുശ്രീ പ്രഥാൻ വെലോസിറ്റിയെ വിജയിപ്പിക്കുകയായിരുന്നു.

നേരത്തെ 43 റൺസെടുത്ത ഹാർലീൻ ഡിയോൾ ആണ് ബാറ്റിംഗിൽ തിളങ്ങിയത്. 26 റൺസെടുത്ത ഓപ്പണർ സൂസി ബേറ്റ്സിൻ്റെ ഇന്നിംഗ്‌സും നിർണ്ണായകമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top