18 ഏക്കറിൽ വമ്പൻ സെറ്റ്; രണ്ടായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ: അത്ഭുതമായി മാമാങ്കം

മമ്മൂട്ടിച്ചിത്രം മാമാങ്കത്തിന് 18 ഏക്കറോളമുള്ള വമ്പൻ സെറ്റ്. ഇന്ത്യൻ സിനിമകൾക്കായി ഇതുവരെ ഒരുക്കിയിരിക്കുന്നതിൽ ഏറ്റവും വലിയ സെറ്റാണിത്. അവസാന ഷെഡ്യൂൾ ഷൂട്ടാണ് ഈ സെറ്റിൽ നടക്കുക. അവസാന ഷെഡ്യൂൾ ചിത്രീകരണത്തില്‍ രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുമെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജെക്ടുകളില്‍ ഒന്നായി അനൗണ്‍സ് ചെയ്യപ്പെട്ട സിനിമയാണ് മാമാങ്കം. കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായി നാല് ഷെഡ്യൂളുകളാണ് ഇതുവരെ പൂര്‍ത്തിയായത്. പ്ലാന്‍ ചെയ്ത 120 ദിവസത്തെ ചിത്രീകരണത്തില്‍ 80 ദിവസത്തെ ഷൂട്ട് ഇതിനകം പൂര്‍ത്തിയായി. ഏകദേശം അമ്പതു കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മമ്മൂട്ടിക്കൊപ്പം ഉണ്ണിമുകുന്ദൻ, അനു സിത്താര, നീരജ് മാധവ്, കനിഹ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. നേരത്തെ ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ സജീവ് പിള്ള നിർമ്മാതാവിനെതിരെ രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു. സിനിമയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് തന്നെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് സജീവ് പിള്ള വെളിപ്പെടുത്തിയിരുന്നു. തന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയ്ക്കും ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അദ്ദേഹം പരാതി നല്‍കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here